കണ്ണൂർ : പയ്യാമ്പലം ഭാഗത്തുള്ള തില്ലേരി മിലിട്ടറി ആശുപത്രിക്ക് സമീപത്ത് വച്ച് മൂന്നു പേർക്ക് കൂടി തെരുവു നായയുടെ കടിയേറ്റു. ചിത്ര (65), ഷബ്നം (26), ദീക്ഷിത്ത് (15) എന്നിവർക്കാണ് കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പയ്യാമ്പലം ഭാഗത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശികളുടെ കുട്ടിക്ക് പേവിഷ ബാധയേറ്റ് മരിച്ചതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് തെരുവുനായകളുടെ ആക്രമണമുണ്ടായത്.
തെരുവുനായകൾ മൂലം പയ്യാമ്പലം മേഖലയിൽ കാൽനട യാത്രികർക്കും പരിസര വാസികൾക്കും പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത സാഹചര്യമാണ്. നഗരത്തിൽ തെരുവ്‌നായ ആക്രമണം രൂക്ഷമായി തുടരുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല.

കഴിഞ്ഞ മാസം രണ്ടു ദിവസം 80ഓളം പേർക്കാണ് കടിയേറ്റത്. നേരത്തെ പേയിളകിയ നായയുടെ കടിയേറ്റ മറ്റ് നായകൾക്ക് പേയിളകാനുള്ള സാദ്ധ്യതയുടെ അടിസ്ഥാനത്തിൽ നഗരത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് വെറ്റിനറി വിദഗ്‌ധർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പയ്യാമ്പലത്തും പരിസര പ്രദേശത്തും തെരുവുനായകൾ ഇഷ്ടാനുസരണം വിഹരിക്കുന്ന കാഴ്ചയാണ്. ഇതു കാരണം ജനങ്ങൾ ഭീതിയിലാണ്.
kannur