
കൊല്ലം : തേവലക്കര സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടത്തും. മിഥുന്റെ അമ്മ സുജ രാവിലെ ഒമ്പത് മണിയോടെ കുവൈത്തിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. അവിടെ നിന്നും ഉച്ചയോടെ വീട്ടിലെത്തുമെന്നാണ് വിവരം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.
വിലാപയാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മിഥുന്റെ മരണത്തിൽ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും. സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്ന് കണ്ടെത്തിയ പ്രധാനാദ്ധ്യാപിക സുജയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.കെഎസ്ഇബി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെയും നടപടി ഉണ്ടാകും. കെഎസ്ഇബി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ കുടുംബത്തിന് കൈമാറി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ മൊഴികൾ രേഖപ്പെടുത്തും. മാനേജ്‌മെന്റ് പ്രധാനാദ്ധ്യാപികയെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സ്കൂളിന് കുറുകെയുള്ള വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടിയും ഉടൻ ആരംഭിക്കും.
Kollam