തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷം ലഘുകരണവും നിവാരണവും നയസമീപന രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ശില്പശാല നടത്തി " മനുഷ്യ വന്യജീവി സംഘർഷ ലഘുകരണത്തിൽ വിവിധ വകുപ്പുകളുടെ പങ്കും ലഘുകരണ പ്രവർത്തനങ്ങളുടെ ശാക്തീകരണവും " എന്ന വിഷയത്തിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് നിർദ്ദേശങ്ങൾ ശില്പശാലയിൽ അവതരിപ്പിച്ചു.കേരള ഇൻ്റി പെൻ്റൻ്റ് ഫാർമേഴ്സ് അസോസിയേഷൻ ചെയർമാൻ അലക്സ് ഒഴുകയിൽ ഉൾപ്പെടെ നിരവധി പ്രമുഖർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു..നിർദ്ദേശങ്ങൾമനുഷ്യ വന്യജീവി സംഘർഷ ലഘുകരണവുമായി ബന്ധപ്പെട്ട് കേളകം ഗ്രാമപഞ്ചായത്തിന് വേണ്ടി സംസ്ഥാന ശില്പശാലയിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്.
1. ജനവാസ മേഖലയിൽ നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കുന്ന ആനകളെ പിടിച്ച് പരിശീലനം നൽകി കുങ്കിയാനകളാക്കി മാറ്റാനുള്ള തീരുമാനമെടുക്കണം. ഉദാഹരണത്തിന് ആറളം വന്യജീവി സങ്കേതത്തിലുള്ള വലിയ മോഴയാന. ഇത് ആനമതിലിന് മുകളിലൂടെ കയറി കേളകം പഞ്ചായത്തിൽ നിരന്തരമായി നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.

2. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാര തുക കാലതാമസമില്ലാതെ തന്നെ നൽകാൻ സാധിക്കണം.
3. വനത്തിനോട് ചേർന്നുള്ള സ്വകാര്യ കൃഷിയിടങ്ങളിൽ ചെയ്യാൻ പറ്റുന്ന കൃഷി രീതികൾ വികസിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ആവശ്യമായ സംവിധാനം വനം, കൃഷി വകുപ്പുകൾ ചേർന്ന് ഉണ്ടാക്കണം. കർഷകരുടെ കൂട്ടായ്മകൾ രൂപീകരിച്ച് ഇതിനാവശ്യമായ ധനസഹായം ഉൾപ്പെടെ നൽകാനാവണം. ഉദാഹരണത്തിന് തേനീച്ച കൃഷി ഉൾപ്പെടെയുള്ളവ.
4. സ്വകാര്യ ഭൂമിയിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കാത്തതിനാൽ അടിക്കാടുകൾ നീക്കം ചെയ്യുക എന്നത് കർഷകർക്ക് വലിയ ബാധ്യതയാണ്. ഇപ്പോൾ തൊഴിലുറപ്പിൽ പെടുത്തി ചെയ്യാനും സാധിക്കില്ല. ഇതിന് വേണ്ടി പ്രത്യേക പദ്ധതിതന്നെ നടപ്പാക്കാനാകണം.
5. വനത്തിന് പുറത്തുള്ള കാട്ടുപന്നികളെ നിർമാർജ്ജനം ചെയ്യുന്നതിന് തനതുവരുമാനം കുറഞ്ഞ ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ ഫണ്ട് അനുവദിക്കണം.
6. വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ മറവു ചെയ്യുന്നതിന് പകരം മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണം.
7. ജനവാസ മേഖലയിൽ എത്തുന്ന കുരങ്ങുകളുടെ ശല്യത്തിന് പരിഹാരം കാണണം
8. വന്യമൃഗ ശല്യമുള്ള ഗ്രാമപഞ്ചായത്തുകളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് സ്ട്രീറ്റ് മെയിൻ ലൈൻ വലിക്കണം എന്ന തീരുമാനം ഒഴിവാക്കി ആവശ്യമുള്ള സ്ഥലങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ഭരണപരമായ തീരുമാനം എടുക്കണം.
9. ഹാങ്ങിങ് ഫെൻസിങ്ങിന്റെ സംരക്ഷണം പ്രധാനപ്പെട്ടതാണ് ഇതിന് വേണ്ടി പ്രത്യേകമായി വാച്ചർമാരെ നിയമിച്ച് ജനങ്ങളുടെ കൂടി സഹകരണത്തോടെ നിരന്തരമായി നിരീക്ഷിക്കാനും അടിക്കാടുകൾ നീക്കം ചെയ്യാനുമാകണം.
10. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ചു ബുക്കിലെ നിർദ്ദേശങ്ങളും ലഭ്യമാകുന്ന ഫണ്ടിന്റെ വിവരങ്ങളും സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതികൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകണം.
11. വനപ്രദേശത്തോട് ചേർന്നുള്ള കർഷകരുടെ സ്വകാര്യ ഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്നുള്ള നിർദേശം കർഷകർക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. മിച്ചഭൂമി, സർക്കാർ ഭൂമി, പുറംപോക്ക്, വനഭൂമി, സർക്കാരിലേക്ക് റിസർവ്വ് ചെയ്ത മരങ്ങൾ തുടങ്ങിയവയൊന്നുമില്ലാത്തയിടത്തും ഈ സാക്ഷ്യപത്രം വേണമെന്ന് നിർബന്ധം പിടിക്കരുത്. സെക്ഷൻ ഫോറസ്ററ് ഓഫീസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരം മുറിക്കാൻ അനുവാദം നൽകണം. ഇത് കർഷകരുടെ രോഷം കുറയ്ക്കുന്നതിന് സഹായിക്കും.
thiruvananthapuram