കണ്ണൂർ : ചാലാട് വീട്ടുപറമ്പിൽ കൂട്ടിയിട്ട പാഴ് വസ്തുക്കളിൽ തീപിടുത്തം. ചാലാട് പഞ്ചാബി റോഡിലെ കെ പി ഹൗസിൽ അഫ്സത്തിന്റെ വീടിനോട് ചേർന്നുള്ള പറമ്പിലാണ് ഇന്ന് കാലത്ത് ഒൻപതരയോടെ തീ ആളിപടർന്നത്. സമീപത്ത് കൂട്ടിലുണ്ടായിരുന്ന ഒരുകോഴി തീപിടുത്തത്തിൽ ചത്തമർന്നു. വീട്ടുപറമ്പിൽ ഉണ്ടായിരുന്ന വീപ്പയിൽ തീയിട്ടതാകാം തീ ആളി പടരാൻ കാരണമെന്നാണ് നിഗമനം. കണ്ണൂരിൽ നിന്ന് അഗ്നിശമന രക്ഷാ സേന സ്റ്റേഷൻ ഓഫീസർ പവിത്രന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇന്ന് രാവിലെ ഒൻപതരയോടെ വീടിനകത്ത് പുക പടരുന്നതുകണ്ട് വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന പെൺകുട്ടി പുറത്ത് വന്ന് നോക്കിയപ്പോഴാണ് തീ ആളിപടരുന്നത് കണ്ടത്. ഉടനെ തൊട്ടടുത്തുള്ള ബന്ധുവിനോട് പറഞ്ഞ് ഫയറിൽ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തേക്കും തീപടർന്നിരുന്നു. സമീപത്തെ ഷെഡിലെ ഷീറ്റുകൾ കത്തിയ നിലയിലാണ്. ചപ്പുചവറുകളും മാലിന്യവും നിറഞ്ഞ് വീടിന്റെ പരിസരം മൊത്തം വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു. ഡിവിഷൻ കൗൺസിലർ കെ സീത, സോണൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി ഹംസ തുടങ്ങിയവർ സ്ഥലത്തെത്തി.
Kannur







































