---
title: "സിപിഐഎം സംസ്ഥാന സമിതി: കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം; വീഴ്ച ചൂണ്ടിക്കാട്ടാൻ വൈകിയെന്ന്"
english_title: "CPM State Committee Slams Central Leadership Over Delayed Intervention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374346/cpm-state-committee-central-leadership-criticism-ma-baby"
published_at: "2026-07-24T14:01:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a632313d7365_1000222749.jpg"
keywords: ["CPM", "MA Baby", "Election Defeat"]
---

# സിപിഐഎം സംസ്ഥാന സമിതി: കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം; വീഴ്ച ചൂണ്ടിക്കാട്ടാൻ വൈകിയെന്ന്

> **Lead Summary:** **തിരുവനന്തപുരം: **തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സിപിഐഎം സംസ്ഥാന സമിതിയിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത വിമർശനം.

## Article Content

**തിരുവനന്തപുരം: **തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സിപിഐഎം സംസ്ഥാന സമിതിയിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത വിമർശനം.

> "വീഴ്ചകൾ സംഭവിച്ചു കഴിഞ്ഞിട്ട് ചൂണ്ടിക്കാണിച്ചിട്ട് എന്ത് കാര്യം" എന്ന ചോദ്യമാണ് നേതാക്കൾ ഉന്നയിച്ചത്. പിശകുകൾ സംസ്ഥാന നേതൃത്വത്തിന് പറ്റുമ്പോൾ തന്നെ ഇടപെട്ട് തിരുത്തേണ്ടതായിരുന്നു. എല്ലാം കഴിഞ്ഞ് റിപ്പോർട്ടിൽ വിമർശനം വന്നിട്ട് എന്ത് ഗുണമാണെന്നും ചില നേതാക്കൾ ചോദിച്ചു. റിപ്പോർട്ടിലെ വിമർശനങ്ങൾ ശരിവച്ചു കൊണ്ടു തന്നെയാണ് സമയം വൈകിയെന്ന പരാതിയും അവർ മുന്നോട്ടുവച്ചത്.

കേന്ദ്ര നേതൃത്വത്തിന്റെ വിമർശനത്തിന് മറുപടിയുമായി ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം ഇടപെട്ട് തിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

PM ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചപ്പോഴും ശബരിമല സ്വർണക്കടത്ത് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാർ അറസ്റ്റിലായപ്പോഴും കേന്ദ്ര നേതൃത്വം ഇടപെട്ടതായി ബേബി ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥി നിർണയത്തിലും കേന്ദ്ര നേതൃത്വം അഭിപ്രായം പറഞ്ഞിരുന്നു. കേന്ദ്ര ഇടപെടലിനെ തുടർന്ന് സ്ഥാനാർത്ഥി പട്ടികയിൽ വന്ന മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.

അതേസമയം പാർട്ടി നേതൃത്വവും പ്രവർത്തകരും തമ്മിൽ അകലമുണ്ടെന്നും പാർട്ടിയും ജനങ്ങളും തമ്മിലും അകലമുണ്ടെന്നും എം.എ. ബേബി പറഞ്ഞു. ഈ അകലം കുറയ്ക്കാൻ അടിയന്തര ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374346/cpm-state-committee-central-leadership-criticism-ma-baby)