---
title: "ആലപ്പുഴ യൂത്ത് കോൺഗ്രസ്-പൊലീസ് സംഘർഷം; പൊലീസിനെതിരായ അതിക്രമത്തിൽ ചെന്നിത്തല ഗ്രൂപ്പിന് അതൃപ്തി"
english_title: "Alappuzha Youth Congress Police Clash: Chennithala Group Unhappy Over Attack on Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374974/alappuzha-youth-congress-police-clash-chennithala-group"
published_at: "2026-07-27T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67494b4e4f3_1000223409.jpg"
keywords: ["Youth Congress", "Police Clash", "Ramesh Chennithala"]
---

# ആലപ്പുഴ യൂത്ത് കോൺഗ്രസ്-പൊലീസ് സംഘർഷം; പൊലീസിനെതിരായ അതിക്രമത്തിൽ ചെന്നിത്തല ഗ്രൂപ്പിന് അതൃപ്തി

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെതിരെയുണ്ടായ അതിക്രമത്തിൽ രമേശ് ചെന്നിത്തല ഗ്രൂപ്പിന് കടുത്ത അതൃപ്തി.

## Article Content

ആലപ്പുഴ: ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെതിരെയുണ്ടായ അതിക്രമത്തിൽ രമേശ് ചെന്നിത്തല ഗ്രൂപ്പിന് കടുത്ത അതൃപ്തി.

സർക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചതെന്നാണ് ചെന്നിത്തല ഗ്രൂപ്പിന്റെ പരാതി. യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടുതൽ പക്വത കാണിക്കേണ്ടതായിരുന്നുവെന്നും അനാവശ്യ വിവാദം സർക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസമാണ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. സൗത്ത് സിഐയുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ വാക്കുതർക്കത്തിലേർപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ വീണ്ടും പ്രതിഷേധമുണ്ടായി.

പ്രശ്നമൊന്നുമില്ലാത്ത സ്ഥലത്ത് യൂത്ത് കോൺഗ്രസ് നേതാക്കളാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ചെന്നിത്തല ഗ്രൂപ്പിന്റെ ആരോപണം. അതേസമയം പൊലീസിനെതിരെ അരിതാ ബാബു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിൽ യൂത്ത് കോൺഗ്രസിലെ കെസി പക്ഷ നേതാക്കൾക്കും അതൃപ്തിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374974/alappuzha-youth-congress-police-clash-chennithala-group)