---
title: "ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 500 മെഗാവാട്ട് വരെ അധിക ലോഡ്: കെഎസ്ഇബി"
english_title: "KSEB Warns of Possible Power Cuts Today Evening Due to 500 MW Peak Demand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375152/kseb-power-cut-warning-today-evening-500mw-peak-demand"
published_at: "2026-07-28T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6879e099272_1000223613.jpg"
keywords: ["KSEB", "Kerala Electricity", "Load Shedding"]
---

# ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 500 മെഗാവാട്ട് വരെ അധിക ലോഡ്: കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം: **പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ്.

പീക്ക് സമയത്ത് 500 മെഗാവാട്ട് വരെ അധിക ഉപയോഗം ഉണ്ടാകാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും ബോർഡ് അറിയിച്ചു.

ഇന്നലെ സംസ്ഥാനത്ത് 89 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതിൽ 74 ദശലക്ഷം യൂണിറ്റ് പുറത്ത് നിന്ന് വാങ്ങിയതാണ്. അണക്കെട്ടുകളിൽ ഇപ്പോൾ 30 ശതമാനം വെള്ളം മാത്രമേയുള്ളൂ.

വരും വർഷങ്ങളിൽ വൈദ്യുതി ആവശ്യകതയും വിലയും ഉയരുമെന്ന് കണക്കാക്കി കെഎസ്ഇബി പുതിയ വാങ്ങൽ കരാറുകളിലേക്ക് കടക്കുന്നുണ്ട്. സോളാർ എനർജി കോർപ്പറേഷൻ വഴി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. യൂണിറ്റിന് 2.93 രൂപ നിരക്കിൽ 25 വർഷത്തേക്കുള്ള കരാറാണിത്. 2028 ഏപ്രിൽ മുതൽ വൈദ്യുതി ലഭിക്കും.

പീക്ക് സമയത്ത് 4 മണിക്കൂർ വൈദ്യുതി ഉറപ്പാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനവും കരാറിൽ ഉൾപ്പെടുന്നു. ജൂൺ 30ന് മുമ്പ് പദ്ധതി നടപ്പായാൽ സംസ്ഥാനാന്തര ട്രാൻസ്മിഷൻ ചാർജിൽ ഇളവ് ലഭിക്കും.

പുലർച്ചെ 2 മണി വരെ വൈദ്യുതി ഉപയോഗം ഉയരുന്ന സാഹചര്യത്തിൽ ബാറ്ററി എനർജി സ്റ്റോറേജും ഹൈബ്രിഡ് പവർ പ്ലാന്റുകളും ആശ്രയിക്കേണ്ടതുണ്ടെന്ന് കമ്മീഷൻ നിർദേശിച്ചു. നിലവിൽ പീക്ക് അവറിൽ യൂണിറ്റിന് ശരാശരി 9 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375152/kseb-power-cut-warning-today-evening-500mw-peak-demand)