---
title: "ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം; കേരളത്തിൽ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കണം: പിണറായി"
english_title: "Pinarayi Vijayan Seeks Withdrawal of Cases Against Students Who Supported Jantar Mantar Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375155/pinarayi-vijayan-letter-cm-withdraw-cases-jantar-mantar-protest"
published_at: "2026-07-28T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a687f1590474_1000223621.jpg"
keywords: ["Pinarayi Vijayan", "NEET Protest", "Student Protest"]
---

# ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം; കേരളത്തിൽ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കണം: പിണറായി

> **Lead Summary:** **തിരുവനന്തപുരം: **ഡൽഹി ജന്തർ മന്തറിലെ NEET ചോദ്യപേപ്പർ ചോർച്ചക്കെതിരായ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന്റെ പേരിൽ കേരളത്തിൽ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

## Article Content

**തിരുവനന്തപുരം: **ഡൽഹി ജന്തർ മന്തറിലെ NEET ചോദ്യപേപ്പർ ചോർച്ചക്കെതിരായ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന്റെ പേരിൽ കേരളത്തിൽ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

NEET വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി നടന്ന ഐതിഹാസിക പ്രക്ഷോഭത്തിന് കേരളം ഒറ്റക്കെട്ടായി പിന്തുണ നൽകിയിരുന്നുവെന്ന് കത്തിൽ പിണറായി ചൂണ്ടിക്കാട്ടി. സമരം ഒത്തുതീർന്നപ്പോൾ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും മറ്റ് പീഡനങ്ങൾ ഉണ്ടാവില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു.

എന്നാൽ കേരളത്തിൽ ആ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കെതിരെ വിവിധ ജില്ലകളിൽ പൊലീസ് കേസെടുത്തു. വിദ്യാർഥികൾ, യുവജനങ്ങൾ, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ ഏകദേശം 5000 പേർക്കെതിരെ കേസെടുത്തതായാണ് വിവരം. സമാധാനപരമായ പ്രതിഷേധങ്ങൾക്കെതിരെ ജലപീരങ്കിയും ലാത്തിച്ചാർജും വരെ ഉണ്ടായെന്നും കത്തിൽ പറയുന്നു.

ഡൽഹിയിൽ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം സമരത്തിൽ പങ്കെടുത്തെങ്കിലും, കേരളത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചവർക്കെതിരെ വ്യാപകമായി കേസെടുത്തത് ജനാധിപത്യവിരുദ്ധമാണെന്ന് പിണറായി വിമർശിച്ചു. എറണാകുളത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത റാപ്പർ വേടനും സംഘത്തിനുമെതിരെ പോലും കേസെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ തന്നെ കേസുകൾ പിൻവലിക്കാൻ തയ്യാറായ സാഹചര്യത്തിൽ, കേരളത്തിൽ ചുമത്തിയ മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്ന് കത്തിൽ അഭ്യർത്ഥിച്ചു.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375155/pinarayi-vijayan-letter-cm-withdraw-cases-jantar-mantar-protest)