---
title: "മഴക്കെടുതി: തകരാറിലായ 92% വൈദ്യുതി കണക്ഷനുകൾ പുനഃസ്ഥാപിച്ചു - മന്ത്രി സണ്ണി ജോസഫ്"
english_title: "Minister Sunny Joseph: 92% of Damaged Power Connections Restored in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376345/kerala-rain-damage-92-power-restored-minister-sunny-joseph"
published_at: "2026-08-03T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7045177b5f8_Sunny_Joseph01.jpeg"
keywords: ["Kerala Rain", "Sunny Joseph", "Power Restoration", "KSEB", "Kannur"]
---

# മഴക്കെടുതി: തകരാറിലായ 92% വൈദ്യുതി കണക്ഷനുകൾ പുനഃസ്ഥാപിച്ചു - മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **കണ്ണൂർ**: മഴക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാറും ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇരിട്ടിയിലെ വസതിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

## Article Content

**കണ്ണൂർ**: മഴക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാറും ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇരിട്ടിയിലെ വസതിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആകെ 4,80,614 വൈദ്യുതി കണക്ഷനുകൾ തകരാറിലായി. ഇതിൽ 92 ശതമാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ പുനഃസ്ഥാപിച്ചു. ഇനി 35,118 കണക്ഷനുകൾ മാത്രമാണ് ബാക്കിയുള്ളതെന്ന് മന്ത്രി അറിയിച്ചു. 2892 ട്രാൻസ്ഫോമറുകൾക്ക് തകരാർ സംഭവിച്ചു.

വെള്ളം ഇറങ്ങിയതിനെ തുടർന്ന് ഇതിൽ 2600 എണ്ണവും നന്നാക്കി ചാർജ് ചെയ്തു. 1872 വൈദ്യുതി തൂണുകൾക്ക് നാശം നേരിട്ടു. അവയും അതിവേഗത്തിൽ പുനഃസ്ഥാപിച്ചു വരുകയാണ്.

വൈദ്യുതി മേഖലയിൽ ഏറ്റവും വലിയ നാശനഷ്ടം പത്തനംതിട്ടയിലും പിന്നീട് കണ്ണൂരിലുമാണ്. കണ്ണൂരിൽ ശ്രീകണ്ഠപുരം സർക്കിൾ പരിധിയിലെ ചെറുപുഴ മുതലുള്ള ഭാഗങ്ങളിലും ഇരിട്ടി സർക്കിളിലെ മലയോര പ്രദേശങ്ങളിലുമാണ് കൂടുതൽ നാശം.

സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് 42.5 ശതമാനമാണ്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഇടുക്കിയിൽ 73% ജലമുണ്ടായിരുന്നു.

മഴക്കെടുതിയിൽ തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. 2018ലെ പ്രളയത്തിന് സമാനമായി വീടിന് പിറകിൽ മണ്ണിടിഞ്ഞ് ഗുരുതര തകരാർ സംഭവിച്ച വീടുകൾ പൂർണ്ണ നാശനഷ്ടമായി കണക്കാക്കണമെന്നാണ് ആവശ്യം. തകർന്ന നിരവധി പാലങ്ങൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കണ്ണൂരിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376345/kerala-rain-damage-92-power-restored-minister-sunny-joseph)