---
title: "ഇടത് പ്രക്ഷോഭം തെറ്റിദ്ധരിപ്പിക്കാനെന്ന് കേളകം പഞ്ചായത്ത്; പ്ലാൻ ഫണ്ട് കണക്കുകൾ പുറത്തുവിട്ടു"
english_title: "Kelakam Panchayat Slams Left Protest, Releases Plan Fund Figures"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376411/kelakam-panchayat-left-protest-plan-fund-figures"
published_at: "2026-08-03T17:39:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a708513daf4e_1000225569.jpg"
keywords: ["Kelakam Panchayat", "Plan Fund", "Development Projects"]
---

# ഇടത് പ്രക്ഷോഭം തെറ്റിദ്ധരിപ്പിക്കാനെന്ന് കേളകം പഞ്ചായത്ത്; പ്ലാൻ ഫണ്ട് കണക്കുകൾ പുറത്തുവിട്ടു

> **Lead Summary:** കേളകം: സംസ്ഥാന സർക്കാരിനും കേളകം പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ ഇടത് മുന്നണി നടത്തുന്ന പ്രക്ഷോഭ സമരങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.

## Article Content

കേളകം: സംസ്ഥാന സർക്കാരിനും കേളകം പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ ഇടത് മുന്നണി നടത്തുന്ന പ്രക്ഷോഭ സമരങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.

പ്ലാൻ ഫണ്ട് വിഹിതത്തിലെ കണക്കുകൾ നിരത്തിയാണ് പ്രസിഡന്റ് ലിസി ജോസഫും ഭരണസമിതി അംഗങ്ങളും വാർത്താസമ്മേളനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചത്.

 *പ്ലാൻ ഫണ്ടിലെ വ്യത്യാസങ്ങൾ*

പ്ലാൻ ജനറൽ ഫണ്ടിൽ ബജറ്റിൽ വകയിരുത്തിയതും യഥാർത്ഥത്തിൽ ലഭിച്ചതും തമ്മിലുള്ള വ്യത്യാസം ഭരണസമിതി ചൂണ്ടിക്കാട്ടി:

 *2021-22*: വകയിരുത്തിയത് 1.56 കോടി, ലഭിച്ചത് 1.44 കോടി. കുറവ് 11.91 ലക്ഷം

- *2022-23*: വകയിരുത്തിയത് 1.73 കോടി, ലഭിച്ചത് 1.56 കോടി. കുറവ് 16.35 ലക്ഷം

- *2023-24*: വകയിരുത്തിയത് 1.62 കോടി, ലഭിച്ചത് 1.47 കോടി. കുറവ് 15.61 ലക്ഷം

- *2024-25*: വകയിരുത്തിയത് 1.88 കോടി, ലഭിച്ചത് 1.64 കോടി. കുറവ് 23.62 ലക്ഷം

- *2025-26*: വകയിരുത്തിയത് 2.25 കോടി, ലഭിച്ചത് 1.32 കോടി. കുറവ് 92.38 ലക്ഷം

- *2026-27*: വകയിരുത്തിയത് 2.22 കോടി, ലഭിച്ചത് 2.12 കോടി. കുറവ് 9.45 ലക്ഷം മാത്രം

കഴിഞ്ഞ കാലങ്ങളിൽ വൻ തുകകൾ ലഭിക്കാതിരുന്നപ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇപ്പോൾ ചെറിയ വ്യത്യാസത്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി തെറ്റിദ്ധാരണ പരത്തുന്നതെന്നും ഭരണസമിതി കുറ്റപ്പെടുത്തി.

 *വികസന പ്രവർത്തനങ്ങൾ*

എം.ജി. റോഡ്സ് ഫണ്ടിൽ 4.47 കോടി പ്രഖ്യാപിച്ചെങ്കിലും 2.61 കോടിയാണ് ലഭിച്ചത്. എന്നിട്ടും തനത് ഫണ്ട് കൂടി ചേർത്ത് 3.17 കോടി വകയിരുത്തി 14 വാർഡുകളിലെയും റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി. മഞ്ഞളാംപുറം 12-ാം വാർഡിൽ മാത്രം 25 ലക്ഷത്തിലധികം രൂപയുടെ പദ്ധതികളുണ്ട്.

'ക്ഷീരഗ്രാമം' പദ്ധതി, കാലിത്തീറ്റ സബ്സിഡി, തെങ്ങിൻതൈ-കശുവണ്ടിത്തൈ വിതരണം, ഭവന നവീകരണം, കിടപ്പുരോഗികൾക്ക് സൗജന്യ ഡയപ്പർ വിതരണം എന്നിവ നടപ്പാക്കി. വളയംചാൽ, കോച്ചുകുളം, കരിയംകാപ്പ്, രാമച്ചി എന്നിവിടങ്ങളിലെ ആനമതിൽ പുനർനിർമ്മിക്കാൻ റീ-ടെൻഡർ നടപടികൾ തുടങ്ങി.

2025-26ൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച പഞ്ചായത്തുകൾക്കുള്ള അംഗീകാരം കേളകത്തിന് ലഭിച്ചതായും ഭരണസമിതി അറിയിച്ചു. പഞ്ചായത്ത് യോഗങ്ങളിൽ ഇടത് അംഗങ്ങൾ ഇതുവരെ ഈ വിഷയത്തിൽ പ്രമേയം സമർപ്പിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, ജെയ്മോൻ കൊച്ചറയ്ക്കൽ, ജോർജുകുട്ടി താന്നുവേലിൽ, അബ്ദുൾ സലാം, ബിനു എടാൻ, ഷിജി സുരേന്ദ്രൻ, സുനിത രാജു വാത്യാട്ട് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376411/kelakam-panchayat-left-protest-plan-fund-figures)