---
title: "6 ശതമാനം പലിശനിരക്കിൽ 5 കോടി വരെ വായ്പ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് തുടക്കമായി"
english_title: "CMEDP 3.0 Launched: Kerala Entrepreneurs Can Get Loan Up to Rs 5 Crore at 6% Interest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377029/cmedp-3-launch-kerala-loan-5-crore-6-percent"
published_at: "2026-08-06T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a744ce36fabd_1000226433.jpg"
keywords: ["CMEDP", "VD Satheesan", "Entrepreneurship"]
---

# 6 ശതമാനം പലിശനിരക്കിൽ 5 കോടി വരെ വായ്പ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് തുടക്കമായി

> **Lead Summary:** **തിരുവനന്തപുരം: **കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിർവഹിക്കും.

## Article Content

**തിരുവനന്തപുരം: **കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിർവഹിക്കും.

തൈക്കാട് ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്.

സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയെ ശക്തിപ്പെടുത്തുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം.

പുതിയതും നിലവിലുള്ളതുമായ സംരംഭങ്ങൾക്ക് 6 ശതമാനം പലിശനിരക്കിൽ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭിക്കും. മുമ്പ് പരിധി 2 കോടി രൂപയായിരുന്നു. മൊത്തം പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പയും ഒരു വർഷം വരെ മോറട്ടോറിയം സൗകര്യവും ലഭിക്കും.

ഇതിനൊപ്പം കെ.എഫ്.സിയുടെ വായ്പാ പരിധി 50 കോടിയിൽ നിന്ന് 100 കോടി രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിച്ചു. വലിയ സംരംഭങ്ങളുടെ വളർച്ചയ്ക്കും വ്യാവസായിക വികസനത്തിനും ഇത് സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു.

ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയാകും.

കെ.എഫ്.സിയുടെ പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണം മന്ത്രി നിർവഹിക്കും. മികച്ച കെ.എഫ്.സി. ശാഖയ്ക്കുള്ള പുരസ്കാരം ഡോ. ശശി തരൂർ എം.പി സമ്മാനിക്കും.

കെ.എഫ്.സി. എം.ഡി ഉമേഷ് എൻ.എസ് സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് പദ്ധതി അവതരണവും നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377029/cmedp-3-launch-kerala-loan-5-crore-6-percent)