---
title: "മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താനാവില്ല; ഏത് വിജയ് സർക്കാർ ആയാലും നടപ്പാക്കാൻ പറ്റില്ലെന്ന് എം.എം. മണി"
english_title: "MM Mani Opposes Mullaperiyar Water Level Hike, Says Tamil Nadu Govt Decision Not Possible"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377241/mm-mani-mullaperiyar-water-level-tamil-nadu-budget"
published_at: "2026-08-07T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7596a7409f2_1000226592.jpg"
keywords: ["Mullaperiyar", "MM Mani", "Tamil Nadu", "Water Level"]
---

# മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താനാവില്ല; ഏത് വിജയ് സർക്കാർ ആയാലും നടപ്പാക്കാൻ പറ്റില്ലെന്ന് എം.എം. മണി

> **Lead Summary:** **ഇടുക്കി: **മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി മുൻമന്ത്രി എം.എം. മണി.

## Article Content

**ഇടുക്കി: **മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി മുൻമന്ത്രി എം.എം. മണി.

തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് പറയാനേ സാധിക്കൂ. നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കരുതെന്നും മണി ആവശ്യപ്പെട്ടു. തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്ന അളവിൽ വെള്ളം കൊടുത്താൽ മതി. കേരളത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

> ഏത് വിജയ് സർക്കാർ ആയാലും ഈ തീരുമാനം നടപ്പാക്കാൻ പറ്റില്ലെന്നും മണി കൂട്ടിച്ചേർത്തു. ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന പ്രചരണത്തോടും അദ്ദേഹം പ്രതികരിച്ചു. "പച്ച മലയാളത്തിൽ പറഞ്ഞാൽ അത് കയ്യിൽ വച്ചാൽ മതി" എന്നായിരുന്നു മറുപടി.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്നുവിടും. മന്ത്രി സി.ടി.ആർ. നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും.

14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്കായാണ് ജലം ലഭ്യമാക്കുന്നത്. സാധാരണ ജൂൺ 1നാണ് ഷട്ടർ തുറക്കാറ്. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലേറെ വൈകി.

ഇന്നലെ അവതരിപ്പിച്ച വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനം. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായായിരിക്കും എന്ന് തമിഴ്നാട് വ്യക്തമാക്കി.

മേഘദാതു പോലെയുള്ള പദ്ധതികളെ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുമെന്നും ബജറ്റിൽ പറയുന്നു. ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളും ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയും വേഗത്തിൽ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377241/mm-mani-mullaperiyar-water-level-tamil-nadu-budget)