---
title: "സർ സയ്യിദ് കോളേജിന് പൂർവ്വ വിദ്യാർത്ഥികളുടെ പുതിയ കവാടം ഓഗസ്റ്റ് 10ന് സമർപ്പിക്കും"
english_title: "Sir Syed College Thaliparamba New Gate Inauguration by PK Kunhalikutty on August 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377269/sir-syed-college-thaliparamba-new-gate-inauguration-pk-kunhalikutty"
published_at: "2026-08-07T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a90b04af6_1000226626.jpg"
keywords: ["Sir Syed College", "SCOTT Alumni", "College Gate", "Alumni Forum"]
---

# സർ സയ്യിദ് കോളേജിന് പൂർവ്വ വിദ്യാർത്ഥികളുടെ പുതിയ കവാടം ഓഗസ്റ്റ് 10ന് സമർപ്പിക്കും

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെ ക്യാമ്പസിൽ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്കോട്ട് നിർമ്മിച്ച പുതിയ പ്രധാന കവാടത്തിന്റെ സമർപ്പണം ആഗസ്റ്റ് 10 തിങ്കളാഴ്ച നടക്കും.

## Article Content

കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെ ക്യാമ്പസിൽ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്കോട്ട് നിർമ്മിച്ച പുതിയ പ്രധാന കവാടത്തിന്റെ സമർപ്പണം ആഗസ്റ്റ് 10 തിങ്കളാഴ്ച നടക്കും.

രാവിലെ 10 മണിക്ക് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും കേരള വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് 25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കവാടം ഉദ്ഘാടനം ചെയ്യുക. കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ കവാടം ഒരുക്കിയത്.

2002ൽ യു.എ.ഇയിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടനയാണ് SCOTT - Sir Syed College Thaliparamba Alumni Forum - UAE Chapter. വിദ്യാഭ്യാസം, വിദ്യാർത്ഥി ക്ഷേമം, സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സ്കോട്ട് നടത്തിവരുന്നു. യു.എ.ഇയിലും കേരളത്തിലുമായി വിവിധ പദ്ധതികൾ സംഘടന നടപ്പാക്കുന്നുണ്ട്.

തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ, കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും കാസർകോട് എം.എൽ.എയുമായ കല്ലട്ര മാഹിൻ ഹാജി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. സ്കോട്ട് പ്രസിഡന്റ് അബ്ദുൽ നാസർ അഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും.

ചടങ്ങിൽ സർ സയ്യിദ് കോളേജിലെ മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പ്രൊഫ. എൻ.കെ. അബ്ദു റഹിമാൻ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡുകൾ വിതരണം ചെയ്യും. വിദ്യാർത്ഥികളുടെ പഠനമികവിനെ അംഗീകരിക്കുകയും ഉയർന്ന ലക്ഷ്യങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അവാർഡുകളുടെ ലക്ഷ്യം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനും മത്സരപരീക്ഷാ പരിശീലനത്തിനും പിന്തുണ നൽകുന്ന സ്കോട്ട് ക്യാപ് പദ്ധതിയുടെ രണ്ടാംഘട്ട ധനസഹായ വിതരണവും നടക്കും. കരിയർ മാർഗനിർദേശം, കോച്ചിംഗ് ക്ലാസുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. നിരവധി വിദ്യാർത്ഥികൾ ഈ പദ്ധതിയിലൂടെ കേന്ദ്ര സർവ്വകലാശാലകളിൽ പഠിക്കുന്നുണ്ട്.

ചടങ്ങിൽ സ്കോട്ടയുടെ മറ്റൊരു അഭിമാന പദ്ധതിയായ '101 ലെജൻഡ്സ് ഓഫ് സർ സയ്യിദ്' എന്ന പദ്ധതിയുടെ നാമനിർദ്ദേശത്തിന്റെ ആരംഭവും കുറിക്കും.

കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ, ജനപ്രതിനിധികൾ, അധ്യാപകർ, വിദേശത്തും നാട്ടിലുമുള്ള പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377269/sir-syed-college-thaliparamba-new-gate-inauguration-pk-kunhalikutty)