---
title: "ജനസേവന അദാലത്ത്: വന്യജീവി ആക്രമണത്തിന് ഇരയായ 30 പേർക്ക് കണ്ണൂരിൽ സഹായധനം അനുവദിച്ചു"
english_title: "Janasevana Adalat Kannur 30 Victims of Wildlife Attack Granted Compensation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377304/janasevana-adalat-kannur-wildlife-attack-compensation"
published_at: "2026-08-07T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c755545ad_1000226680.jpg"
keywords: ["Janasevana Adalat", "Wildlife Attack", "Compensation", "Forest Department"]
---

# ജനസേവന അദാലത്ത്: വന്യജീവി ആക്രമണത്തിന് ഇരയായ 30 പേർക്ക് കണ്ണൂരിൽ സഹായധനം അനുവദിച്ചു

> **Lead Summary:** കണ്ണൂർ: ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത 30 പേർക്ക് വനം വന്യജീവി വകുപ്പിന്റെ ജനസേവന ജില്ലാതല അദാലത്തിൽ സഹായധനം അനുവദിച്ചു.

## Article Content

കണ്ണൂർ: ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത 30 പേർക്ക് വനം വന്യജീവി വകുപ്പിന്റെ ജനസേവന ജില്ലാതല അദാലത്തിൽ സഹായധനം അനുവദിച്ചു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി കണ്ണോത്തുംചാൽ വനം വകുപ്പ് ഓഫീസിൽ നടന്ന അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം കേളകം എം.എൽ.എ ടി.ഒ. മോഹനൻ നിർവഹിച്ചു.

കാട്ടുപന്നി ആക്രമണത്തിൽ മരണപ്പെട്ട എൻ. പ്രദീപൻ, കെ. അജൽ എന്നിവരുടെ ഭാര്യമാർക്ക് ആദ്യ ഗഡു സഹായമായി 5 ലക്ഷം രൂപ വീതം എം.എൽ.എ കൈമാറി.

2025 ജനുവരി മുതൽ ഈ വർഷം ഏപ്രിൽ വരെ ലഭിച്ച സഹായധന അപേക്ഷകളിൽ 30 കേസുകളിലാണ് തുക പാസായത്. ഇതിന്റെ ഉത്തരവുകൾ അദാലത്തിൽ വിതരണം ചെയ്തു.

വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബത്തിന് സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിച്ച് എത്രയും പെട്ടെന്ന് സഹായധനം നൽകാനാണ് അദാലത്ത് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു.

> "മരണപ്പെട്ട ആൾക്ക് പകരം ഒന്നുമാകില്ല. എങ്കിലും സമയബന്ധിതമായി സഹായധനം വിതരണം ചെയ്യാൻ കഴിഞ്ഞാൽ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. സങ്കടത്തിലുള്ളവരുടെ ഒപ്പം നിൽക്കുകയാണ് സംസ്ഥാന സർക്കാർ" ടി.ഒ. മോഹനൻ എം.എൽ.എ കൂട്ടിച്ചേർത്തു.

നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻ കുമാർ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ, കോളയാട്, ചിറ്റാരിപ്പറമ്പ്, കണിച്ചാർ, അയ്യങ്കുന്ന്, കേളകം, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റുമാരും ചെറുപുഴ പഞ്ചായത്ത് അംഗങ്ങളും കണ്ണൂർ ഡി.എഫ്.ഒ കെ. സജി, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് എന്നിവരും പങ്കെടുത്തു. തുടർന്ന് വന്യജീവി ആക്രമണം തടയുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377304/janasevana-adalat-kannur-wildlife-attack-compensation)