---
title: "സംസ്ഥാനത്ത് അതീവ ഗുരുതര മഴക്കെടുതി; സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയെന്ന് പിണറായി വിജയൻ"
english_title: "Pinarayi Vijayan Slams Govt Over Rain Crisis and Safety Lapses in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377452/pinarayi-vijayan-kerala-rain-crisis-govt-lapse"
published_at: "2026-08-08T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76f1adad005_1000226818.jpg"
keywords: ["Pinarayi Vijayan", "Flood Crisis", "Disaster Relief"]
---

# സംസ്ഥാനത്ത് അതീവ ഗുരുതര മഴക്കെടുതി; സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയെന്ന് പിണറായി വിജയൻ

> **Lead Summary:** പത്തനംതിട്ട: സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെയാണ് കണ്ടതെന്നും പറഞ്ഞു.

## Article Content

പത്തനംതിട്ട: സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെയാണ് കണ്ടതെന്നും പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കേരളമാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ചെറുപുഴയിലും പേരാവൂരിലും വലിയ പ്രയാസമുണ്ടായി. ചെറുപുഴ ജോസ് ഗിരിയിൽ ഒരാഴ്ച കഴിഞ്ഞിട്ടും റോഡ് ശരിയാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2018ൽ നൂറ്റാണ്ടിലെ വലിയ പ്രളയവും 2019ൽ സമാനമായ പ്രളയവും ഉണ്ടായിട്ടും കാലാവസ്ഥാ മുന്നറിയിപ്പിൽ മുൻകരുതൽ എടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. വയനാട് തുരങ്കപാതയിൽ ഉണ്ടായ ദുരന്തത്തിലും മണ്ണിടിച്ചിൽ അറിയിപ്പുണ്ടായിട്ടും മുൻകരുതൽ ഉണ്ടായില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

> ചെറുപുഴയിൽ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് അനാദരവാണെന്ന് അദ്ദേഹം വിമർശിച്ചു. "ഒരു ഫ്രീസർ ആംബുലൻസ് പോലും കൊടുക്കാൻ കഴിഞ്ഞില്ല. വീഴ്ച മാത്രമല്ല വലിയ അനാദരവാണ് ഇത്" എന്ന് പിണറായി വിജയൻ പറഞ്ഞു.

റാന്നി മുങ്ങിയത് മഴയ്ക്കൊപ്പം മൂഴിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതുകൊണ്ടാണെന്നും ആരോപിച്ചു. വ്യാപാരികൾക്കുള്ള നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാർ പുഴയിലെ മണലും ചെളിയും നീക്കാൻ പദ്ധതിയിട്ടപ്പോൾ കോടതിയിൽ പോയവരാണ് അന്നത്തെ പ്രതിപക്ഷമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കടലിൽ പോയവരെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് നല്ല സമീപനം ഉണ്ടായില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ അവലോകന യോഗത്തിൽ നിന്ന് പ്രതിപക്ഷ എം.എൽ.എയെ മാറ്റി നിർത്തുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377452/pinarayi-vijayan-kerala-rain-crisis-govt-lapse)