---
title: "കെഎസ്ഇബിയെ കൂടുതല്‍ ജനസൗഹൃദമാക്കും; ഉല്‍പ്പാദന പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് മന്ത്രി സണ്ണി ജോസഫ്"
english_title: "Minister Sunny Joseph: KSEB to be More People-Friendly, Battery Storage to be Strengthened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377488/minister-sunny-joseph-kseb-people-friendly-battery-storage"
published_at: "2026-08-08T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7710eb974a5_1000226888.jpg"
keywords: ["Sunny Joseph", "KSEB", "Barapole", "Power Crisis"]
---

# കെഎസ്ഇബിയെ കൂടുതല്‍ ജനസൗഹൃദമാക്കും; ഉല്‍പ്പാദന പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** ഇരിട്ടി: ഉപഭോക്താവാണ് രാജാവെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബിയെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

## Article Content

ഇരിട്ടി: ഉപഭോക്താവാണ് രാജാവെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബിയെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

ഇരിട്ടിയില്‍ നടന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉപഭോക്തൃ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോഴും ഉല്‍പ്പാദനം അതിനനുസരിച്ച് വര്‍ധിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഡാമുകള്‍ പോലും സുരക്ഷാ കാരണങ്ങളാലും കോടതി വ്യവഹാരങ്ങള്‍ കാരണവും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.

ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ കനാലിലുണ്ടായ വിള്ളല്‍ കാരണം കഴിഞ്ഞ 15 മാസമായി ഉല്‍പ്പാദനം മുടങ്ങിയിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സോളാര്‍ സംവിധാനത്തിലൂടെ പകല്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി രാത്രി ഉപയോഗിക്കുന്നതിന് ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം കേരളത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി അറിയിച്ചു.

വൈദ്യുതിയുടെ ദുരുപയോഗം തടയാന്‍ കാര്യക്ഷമമായ സംവിധാനം വേണമെന്നും, പകല്‍ സമയങ്ങളില്‍ പോലും തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നത് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ റെഗുലേറ്ററി കമ്മീഷന് വലിയ പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഇരിട്ടി എംജി കോളേജ് എന്‍എസ്എസ് യൂനിറ്റും ചേർന്ന് ഇരിട്ടി M2H റെസിഡന്‍സിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇരിട്ടി നഗരസഭ ചെയര്‍മാന്‍ വി. വിനോദ് കുമാര്‍ അധ്യക്ഷനായി.

വാര്‍ഡ് കൗണ്‍സിലര്‍ വി.പി. റഷീദ്, കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ ടി.സി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുള്‍ കരീം, എംജി കോളേജ് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഹസീന എന്നിവർ സംസാരിച്ചു.

കൺസ്യൂമർ അഡ്വക്കസി ശ്രീകുമാർ ബി വിഷയാവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377488/minister-sunny-joseph-kseb-people-friendly-battery-storage)