---
title: "അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് 1 ലക്ഷം രൂപ പാരിതോഷികം; ഗുണ്ടകൾക്കെതിരെ കർശന നടപടിയെന്ന് ചെന്നിത്തല"
english_title: "Ramesh Chennithala Announces Rs 1 Lakh Reward for Auto Driver Who Tipped on Arjun Ayanki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377609/ramesh-chennithala-1-lakh-reward-arjun-ayanki-auto-driver"
published_at: "2026-08-09T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a783ccac641b_1000227042.jpg"
keywords: ["Kerala Police", "Gangster", "Reward", "Auto Driver"]
---

# അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് 1 ലക്ഷം രൂപ പാരിതോഷികം; ഗുണ്ടകൾക്കെതിരെ കർശന നടപടിയെന്ന് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം**: അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു ലക്ഷം രൂപ പാരിതോഷികം നൽകാമെന്ന് ഒരു വ്യക്തി അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം**: അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു ലക്ഷം രൂപ പാരിതോഷികം നൽകാമെന്ന് ഒരു വ്യക്തി അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും മനപ്പൂർവം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും കർശന നടപടി ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉൾപ്പെടെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ഇത്തരം ആളുകളെ ആർക്കും സംരക്ഷിക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> "ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമില്ല. ഇത് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം. ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞബദ്ധമാണ്" - മന്ത്രി പറഞ്ഞു.

ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ഓണക്കാലം മുൻ നിർത്തി നടപടികൾ ഊർജിതമാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും.

ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകൾക്കെതിരെ നടപടിയുണ്ടാകും. ഗുണ്ടകൾക്ക് മാത്രമല്ല, ഗുണ്ടകളെ പോറ്റി വളർത്തുന്നവർക്കെതിരെയും നടപടിയെടുക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377609/ramesh-chennithala-1-lakh-reward-arjun-ayanki-auto-driver)