---
title: "‘മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ വീഴ്ച ഉണ്ടായി; അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ് മന്ത്രിമാർ’; മുഹമ്മദ് റിയാസ്"
english_title: "CPM Slams Kerala Govt Over Fishermen Search Ops, Riyas Seeks CM's Apology"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377616/muhammad-riyas-slams-kerala-govt-fishermen-search-vizhinjam"
published_at: "2026-08-09T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78488f1ac65_1000227057.jpg"
keywords: ["Fishermen Missing", "Vizhinjam", "Coast Guard", "Search Operation"]
---

# ‘മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ വീഴ്ച ഉണ്ടായി; അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ് മന്ത്രിമാർ’; മുഹമ്മദ് റിയാസ്

> **Lead Summary:** തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ തിരച്ചിലിൽ വലിയ വീഴ്ചയുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ്. തീരദേശ ജനതയെ മുഖ്യമന്ത്രി ആക്ഷേപിച്ച് സംസാരിക്കുകയാണെന്നും അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ് മന്ത്രിമാരെന്നും അദ്ദേഹം വിമർശിച്ചു.

## Article Content

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ തിരച്ചിലിൽ വലിയ വീഴ്ചയുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ്. തീരദേശ ജനതയെ മുഖ്യമന്ത്രി ആക്ഷേപിച്ച് സംസാരിക്കുകയാണെന്നും അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ് മന്ത്രിമാരെന്നും അദ്ദേഹം വിമർശിച്ചു.

വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. മത്സ്യത്തൊഴിലാളികളോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂലൈ 31നാണ് വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമായി മീൻപിടുത്തത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അപകടത്തിൽപ്പെട്ടത്. ഇനി കണ്ടെത്താനുള്ളത് രണ്ടുപേരെയാണ്.

മുതലപ്പൊഴിയിൽ സ്കൂബ ടീം പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പുരോഗതിയില്ല. മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിനായി ഇന്ന് സ്കൂബാ ടീം വീണ്ടും പരിശോധന നടത്തി.

വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ നിരീക്ഷണ വിമാനം മുതലപ്പൊഴിയിൽ എത്തി. നാവികസേനയും വൈകിട്ട് മുതലപ്പൊഴിയിൽ എത്തും. പുലിമുട്ടുകൾക്കിടയിലും പാറക്കെട്ടുകൾക്കിടയിലും ശരീരഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിൽ പരിശോധന.

തമിഴ്നാട് കന്യാകുമാരി, കുളച്ചിൽ ഭാഗങ്ങളിലും പരിശോധന നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഏതു ഭാഗത്ത് പരിശോധന നടത്തണമെന്ന് ഫിഷറീസ് മന്ത്രി ഫോണിൽ വിളിച്ച് ചോദിച്ചെന്ന് കുടുംബം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377616/muhammad-riyas-slams-kerala-govt-fishermen-search-vizhinjam)