---
title: "കൊട്ടിയൂർ പാൽചുരത്ത് അറവ് മാലിന്യം തള്ളിയ സംഭവം: പ്രതിഷേധം ശക്തമായതോടെ മണ്ണിട്ട് മൂടാൻ നടപടി"
english_title: "Slaughter Waste Buried at Kottiyoor Palchuram After Protests, Locals Fear Disease Outbreak"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377628/kottiyoor-palchuram-slaughter-waste-buried-health-hazard"
published_at: "2026-08-09T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7854289bb02_1000227089.jpg"
keywords: ["Palchuram", "Slaughter Waste", "Health Hazard", "Disease Outbreak"]
---

# കൊട്ടിയൂർ പാൽചുരത്ത് അറവ് മാലിന്യം തള്ളിയ സംഭവം: പ്രതിഷേധം ശക്തമായതോടെ മണ്ണിട്ട് മൂടാൻ നടപടി

> **Lead Summary:** കൊട്ടിയൂർ: പാൽചുരത്തിൽ സ്വകാര്യ സ്ഥലത്ത് വൻതോതിൽ തള്ളിയ അറവ് മാലിന്യങ്ങൾ പ്രദേശത്ത് കടുത്ത ആരോഗ്യ ഭീഷണിയും പരിസ്ഥിതി പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

## Article Content

കൊട്ടിയൂർ: പാൽചുരത്തിൽ സ്വകാര്യ സ്ഥലത്ത് വൻതോതിൽ തള്ളിയ അറവ് മാലിന്യങ്ങൾ പ്രദേശത്ത് കടുത്ത ആരോഗ്യ ഭീഷണിയും പരിസ്ഥിതി പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

സംഭരണ ടാങ്ക് പൊട്ടിയൊഴുകി ദുർഗന്ധം വമിച്ചതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ഇതേ തുടർന്നാണ് അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യക്കൂമ്പാരം നികത്താനുള്ള നടപടികൾ തുടങ്ങിയത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മാലിന്യ അവശിഷ്ടങ്ങൾ സമീപത്തെ തോട്ടിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും പുഴയിലേക്കും ഒലിച്ചിറങ്ങുന്നുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാക്കി.

മഴക്കാലത്ത് മലിനജലം കുടിവെള്ളത്തിൽ കലരുന്നതിനാൽ താഴ്വാരങ്ങളിലെയും തീരപ്രദേശങ്ങളിലെയും നൂറുകണക്കിന് കുടുംബങ്ങൾ എലിപ്പനി, കോളറ, വയറിളക്കം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ ഭീഷണിയിലാണ്.

സഹിക്കാനാവാത്ത ദുർഗന്ധവും രോഗപ്പകർച്ചാ ഭീതിയും കാരണം പ്രദേശവാസികൾ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിനും ഉയർന്ന അധികാരികൾക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രാഥമികമായി മണ്ണിട്ട് മൂടാനുള്ള നടപടി ആരംഭിച്ചത്.

എന്നാൽ കേവലം മണ്ണിട്ട് മൂടിയത് കൊണ്ട് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

മണ്ണ് മൂടുന്നതിനൊപ്പം പ്രദേശം പൂർണമായി അണുനശീകരണം നടത്താനും ശാസ്ത്രീയമായ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377628/kottiyoor-palchuram-slaughter-waste-buried-health-hazard)