---
title: "സ്വർണവിലയിൽ ഇടിവ്, പക്ഷേ ആശ്വാസമില്ല: പവന് ഇപ്പോഴും 1.11 ലക്ഷത്തിന് മുകളിൽ"
english_title: "Gold Price In Kerala Drops Today But Still Above Rs 1,11,000 Per Sovereign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377740/kerala-gold-price-today-drops-but-still-above-111000"
published_at: "2026-08-10T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a797e1be3ce5_images_(1).jpeg"
keywords: ["Gold Price Kerala", "24 Carat Gold", "Gold Loan", "Gold Exchange"]
---

# സ്വർണവിലയിൽ ഇടിവ്, പക്ഷേ ആശ്വാസമില്ല: പവന് ഇപ്പോഴും 1.11 ലക്ഷത്തിന് മുകളിൽ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. എന്നാൽ വില 1,11,000ന് മുകളിൽ തന്നെ നിൽക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമില്ല. ഇന്ന് ഒരു പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയായി. ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയാണ് വിപണിവില.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. എന്നാൽ വില 1,11,000ന് മുകളിൽ തന്നെ നിൽക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമില്ല. ഇന്ന് ഒരു പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയായി. ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയാണ് വിപണിവില.

22 കാരറ്റിലും വില താഴ്ന്നു. ഗ്രാമിന് 38 രൂപ കുറഞ്ഞ് 15,197 രൂപ. പവന് 304 രൂപ കുറഞ്ഞ് 1,21,576 രൂപയായി. ഒന്നരമാസത്തിന് ശേഷം ജൂൺ 16നാണ് സ്വർണവില ആദ്യം 1,11,000 കടന്നത്. പിന്നീട് ജൂൺ 18 മുതൽ 1,10,000ത്തിന് താഴെ നിൽക്കുകയായിരുന്നു. ഓഗസ്റ്റ് 8ന് വീണ്ടും 1,11,000 കടന്ന വില താഴേക്ക് ഇറങ്ങാൻ മടിക്കുന്ന കാഴ്ചയാണ്. വിറ്റഴിക്കാതെ ഈട് വെക്കാനാണ് നീക്കം

വില കൂടിയിട്ടും ഇന്ത്യക്കാർ പഴയ സ്വർണം വിറ്റഴിക്കാൻ തയ്യാറല്ലെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ കണക്ക്. കഴിഞ്ഞ 3 വർഷത്തെ ഏറ്റവും കുറഞ്ഞ ‘ഗോൾഡ് റീസൈക്ലിംഗ്’ നിരക്കാണ് ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. സ്വർണം വിറ്റു കളയുന്നതിന് പകരം ഈടായി നൽകി വായ്പയെടുക്കാനാണ് ഭൂരിഭാഗം പേരുടെയും താൽപര്യം. റീട്ടെയിൽ ഗോൾഡ് ലോണുകളിൽ ബാങ്കുകളിൽ മാത്രം _100% ത്തിലധികം വളർച്ച_യുണ്ട്.

കൂടാതെ പഴയ സ്വർണം നൽകി പുതിയ ആഭരണം വാങ്ങുന്ന ‘എക്സ്ചേഞ്ച്’ രീതിയും കൂടി. പല വലിയ ജ്വല്ലറികളിലെയും വിൽപനയുടെ 70% ഇത്തരം എക്സ്ചേഞ്ചുകളാണ്.വരും നാളുകളിൽ വില ഇനിയും കൂടുമെന്ന പ്രതീക്ഷയാണ് ആളുകൾക്ക്. അതുകൊണ്ട് പണത്തിന് അത്യാവശ്യമുണ്ടെങ്കിലും വിറ്റു കളയാതെ വായ്പയോ എക്സ്ചേഞ്ചോ വഴി കാര്യം നടത്താനാണ് ശ്രമം. ലൈറ്റ് വെയ്റ്റ്, കുറഞ്ഞ കാരറ്റ് ആഭരണങ്ങളോടുള്ള താൽപര്യവും കൂടി.

ഉയർന്ന ഇറക്കുമതി തീരുവയും ഡിമാൻഡ് കുറഞ്ഞതും കാരണം ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സ്വർണ ഇറക്കുമതിയിലും കുറവുണ്ട്. ഉയർന്ന നികുതിയും ജിഎസ്ടിയും കാരണം സ്വർണക്കടത്തും വർദ്ധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377740/kerala-gold-price-today-drops-but-still-above-111000)