---
title: "ചെറുപുഴയിലെ ഉരുൾപൊട്ടൽ നാശം കണക്കെടുക്കാൻ ഡ്രോൺ സർവേ; രാജഗിരി, ജോസ്ഗിരിയിൽ PWD സംഘം"
english_title: "Drone Survey Conducted In Rajagiri Josegiri After Landslides In Kannur Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377922/kannur-cherupuzha-rajagiri-josegiri-drone-survey-landslide-pwd"
published_at: "2026-08-11T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ab9a84a0dd_ss.jpeg"
keywords: ["Cherupuzha", "Rajagiri", "Josegiri", "PWD", "Road Damage"]
---

# ചെറുപുഴയിലെ ഉരുൾപൊട്ടൽ നാശം കണക്കെടുക്കാൻ ഡ്രോൺ സർവേ; രാജഗിരി, ജോസ്ഗിരിയിൽ PWD സംഘം

> **Lead Summary:** **കണ്ണൂർ:** ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ജോസ്ഗിരി മേഖലകളിലെ ഉരുൾപൊട്ടൽ നാശനഷ്ടങ്ങൾ കണക്കെടുക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ സർവേ. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമാണ് മലയോര മേഖല തകർന്നത്.

## Article Content

**കണ്ണൂർ:** ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ജോസ്ഗിരി മേഖലകളിലെ ഉരുൾപൊട്ടൽ നാശനഷ്ടങ്ങൾ കണക്കെടുക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ സർവേ. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമാണ് മലയോര മേഖല തകർന്നത്.

രാജഗിരി, ജോസ്ഗിരി മേഖലകളിൽ മാത്രം 15-ലേറെ ഉരുൾപൊട്ടലുകൾ ഉണ്ടായി. ഇതുമൂലമുള്ള മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റോഡുകൾ കുത്തിയൊലിപ്പിച്ചു. പുളിങ്ങോം വില്ലേജിനൊപ്പം വയക്കര, തിരുമേനി വില്ലേജുകളിലെ റോഡുകൾക്കും കനത്ത നാശമുണ്ടായി. പൊതുമരാമത്ത് വകുപ്പിന് കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

നാശനഷ്ടത്തിന്റെ കൃത്യമായ കണക്കിനായാണ് ഡ്രോൺ സർവേ നടത്തിയത്. ഏറ്റവുമധികം പ്രകൃതിദുരന്തം സംഭവിച്ച ജോസ്ഗിരി, രാജഗിരി ഭാഗത്തെ റോഡുകളുടെ ആകാശദൃശ്യങ്ങൾ ശേഖരിച്ചു. ദൃശ്യങ്ങൾ പകർത്തിയത് സണ്ണി പതിയിൽ.

തളിപ്പറമ്പ് റോഡ് സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. പ്രവീൺ, പയ്യന്നൂർ റോഡ് സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ കെ. രഞ്ജിത്ത്, ആർ. റിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ നടത്തിയത്. സർവേയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറും. തുടർന്ന് വിദഗ്ധ പരിശോധന നടത്തി റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377922/kannur-cherupuzha-rajagiri-josegiri-drone-survey-landslide-pwd)