---
title: "മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; റിപ്പോർട്ടിൽ ഗുരുതര ആരോപണം"
english_title: "Kerala Sports Dept Report Finds No Agreement in Lionel Messi Visit Deal, Alleges Crores Fraud"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377965/lionel-messi-kerala-visit-fraud-sports-dept-report"
published_at: "2026-08-11T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae153ae0e7_1000227459.jpg"
keywords: ["Kerala Sports Department", "Messi Visit Fraud", "Kalur Stadium"]
---

# മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; റിപ്പോർട്ടിൽ ഗുരുതര ആരോപണം

> **Lead Summary:** **തിരുവനന്തപുരം: **ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പെന്ന് കായിക വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ.

## Article Content

**തിരുവനന്തപുരം: **ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പെന്ന് കായിക വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ.

മെസിയെ എത്തിക്കാനുള്ള നീക്കത്തിന്റെ ഒരു കരാർ രേഖകളും സർക്കാരിന്റെ പക്കലില്ല. സ്പോൺസർ - സർക്കാർ എഗ്രിമെന്റും ഇല്ല. നീക്കത്തിന് നിയമസാധുതയില്ലെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

മെസിയെ കൊണ്ടുവരാനുള്ളത് വ്യാജ നീക്കമാണ്. ക്രിമിനൽ കുറ്റങ്ങളും ഫിനാൻഷ്യൽ ഫ്രോഡും നടന്നതായി സംശയിക്കുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ.

അർജന്റീന ഫുട്ബോൾ അസോസിയേഷന് 1.5 കോടി യുഎസ് ഡോളർ ഏകദേശം 126 കോടി രൂപ നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയതിന്റെയോ എഎഫ്എ സ്വീകരിച്ചതിന്റെയോ ഒരു രേഖയും ലഭിച്ചിട്ടില്ല.

ഫിഫ അംഗീകാരമില്ലാതെയാണ് വാഗ്ദാനം. ചട്ടങ്ങൾ മറികടന്ന് എൽഡിഎഫ് സർക്കാർ വാഗ്ദാനം നൽകി. മുൻ കായിക മന്ത്രി നടപടിക്രമം പാലിച്ചില്ല. കലൂർ സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതിലും വീഴ്ചയുണ്ടായി.

രണ്ടാഴ്ച മുൻപ് റിപ്പോർട്ട് തുടർനടപടികൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണ്. ഈ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്ന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377965/lionel-messi-kerala-visit-fraud-sports-dept-report)