---
title: "യുവജനങ്ങളുടെ പരാതികൾക്ക് സൗജന്യ നിയമസഹായം നൽകും: യുവജന കമ്മീഷൻ"
english_title: "Youth Commission to Provide Free Legal Aid for Youth Complaints in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378540/youth-commission-free-legal-aid-kannur-adalat"
published_at: "2026-08-14T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7efb9435e0f_1000228160.jpg"
keywords: ["Youth Commission", "PP Randeep", "Free Legal Aid", "Kannur"]
---

# യുവജനങ്ങളുടെ പരാതികൾക്ക് സൗജന്യ നിയമസഹായം നൽകും: യുവജന കമ്മീഷൻ

> **Lead Summary:** **കണ്ണൂർ: ** യുവജനങ്ങളുടെ പരാതികളിൽ സൗജന്യ നിയമസഹായം ലഭ്യമാക്കുമെന്ന് യുവജന കമ്മീഷൻ അംഗം പി.പി. രൺദീപ് അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: ** യുവജനങ്ങളുടെ പരാതികളിൽ സൗജന്യ നിയമസഹായം ലഭ്യമാക്കുമെന്ന് യുവജന കമ്മീഷൻ അംഗം പി.പി. രൺദീപ് അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ വേതന കുടിശ്ശിക, അധിക സമയ ജോലിക്ക് വേതനം നൽകാത്തത് എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരാതികൾ കമ്മീഷന് ലഭിക്കുന്നുണ്ട്. വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകൾ, സ്ഥാപനങ്ങളിലെ തൊഴിലാളി വിരുദ്ധ നടപടികൾ, കോളേജ്-ഹോസ്റ്റൽ പ്രശ്നങ്ങൾ, വീട് അറ്റകുറ്റപ്പണി തുക ലഭിക്കാത്ത പരാതികൾ എന്നിവയും പരിഗണനയ്ക്ക് വരുന്നുണ്ട്.

പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ജോലി നഷ്ടമാകുന്ന യുവാക്കളുടെ പരാതികളും ഏറെയുണ്ട്. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളും സൈബർ തട്ടിപ്പുകളും വർദ്ധിക്കുന്നതായും പി.എസ്.സി പരാതികളും കമ്മീഷന് മുന്നിൽ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെ ഗൗരവം അനുസരിച്ച് ശക്തമായ നടപടികൾക്ക് കമ്മീഷൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന യുവജന കമ്മീഷൻ കണ്ണൂരിൽ നടത്തിയ ജില്ലാ അദാലത്തിൽ 17 പരാതികൾ പരിഗണിച്ചു. 8 പരാതികൾ പരിഹരിച്ചു. 9 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. 3 പുതിയ പരാതികളും ലഭിച്ചു.

അദാലത്തിൽ യുവജന കമ്മീഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. ഷഹൻഷാ, ലീഗൽ അഡൈ്വസർ അഡ്വ. പി. കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378540/youth-commission-free-legal-aid-kannur-adalat)