---
title: "മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്തത് സാങ്കേതിക തകരാർ; വിശദീകരണവുമായി മെറ്റ"
english_title: "Meta Clarifies Removal of CM Criticism Posts Was Due to Technical Glitch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378678/meta-technical-glitch-remove-cm-criticism-posts-kerala"
published_at: "2026-08-15T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80435e38eb1_1000228369.jpg"
keywords: ["Meta", "Technical Glitch", "Cyber Police", "Media Posts"]
---

# മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്തത് സാങ്കേതിക തകരാർ; വിശദീകരണവുമായി മെറ്റ

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ തെറ്റ് പറ്റിയതാണെന്ന് മെറ്റ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ തെറ്റ് പറ്റിയതാണെന്ന് മെറ്റ വ്യക്തമാക്കി.

എഐ സിസ്റ്റത്തിൽ വരുത്തിയ അപ്ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ കാരണമെന്ന് മെറ്റ സംസ്ഥാന സൈബർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജൻസിയുടെയോ സമ്മർദ്ദമോ ഇടപെടലോ ഇതിന് പിന്നിലില്ലെന്നും കമ്പനി വ്യക്തമാക്കി.

വാർത്താ ചാനലുകളുടെയും മാധ്യമങ്ങളുടെയും പേജുകളിൽ നിന്ന് സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ അകാരണമായി നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. സർക്കാർ നിർദേശപ്രകാരമാണ് നീക്കം ചെയ്തതെന്ന ആരോപണവും ഉയർന്നു.

എന്നാൽ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപണങ്ങൾ തള്ളി. തനിക്കെതിരായ വിമർശനങ്ങൾ മുക്കാൻ സർക്കാർ ഇടപെട്ടിട്ടില്ലെന്നും, പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നതിന്റെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തകരാർ പരിഹരിച്ചതിനെത്തുടർന്ന് റിപ്പോർട്ടർ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങിയ മാധ്യമങ്ങളുടെ പേജുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പോസ്റ്റുകൾ മെറ്റ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു തുടങ്ങി. റിപ്പോർട്ടർ ചാനലിന്റെ 10-ലധികം പോസ്റ്റുകൾ തിരികെ എത്തി. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട വാർത്തകളും മത്സ്യത്തൊഴിലാളിയുടെ മകൾ മുഖ്യമന്ത്രിയെ വിമർശിക്കുന്ന വാർത്തയും ഉൾപ്പെടെയുള്ളവയാണ് നീക്കം ചെയ്യപ്പെട്ടത്.

ബാക്കിയുള്ള പോസ്റ്റുകൾ കൂടി വരും മണിക്കൂറുകളിൽ പുനഃസ്ഥാപിക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378678/meta-technical-glitch-remove-cm-criticism-posts-kerala)