---
title: "എഴുകുംവയൽ ഇരട്ടക്കൊല: പണം നൽകാത്തതിലെ വൈരാഗ്യത്തിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് നിഗമനം"
english_title: "Idukki Double Murder: Son Killed Parents Over Money and Loan Debt, Police Say"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378807/idukki-double-murder-son-killed-parents-loan-debt"
published_at: "2026-08-16T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a819cff703a6_1000228519.jpg"
keywords: ["Ezhukumvayal", "Double Murder", "Nedumkandam Police", "Kerala Crime"]
---

# എഴുകുംവയൽ ഇരട്ടക്കൊല: പണം നൽകാത്തതിലെ വൈരാഗ്യത്തിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് നിഗമനം

> **Lead Summary:** **ഇടുക്കി: **എഴുകുംവയലിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജീഷ് ലോൺ തിരിച്ചടവിനും ലഹരിക്കും പണം നൽകാത്തതിലെ വൈരാഗ്യത്താലാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**ഇടുക്കി: **എഴുകുംവയലിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജീഷ് ലോൺ തിരിച്ചടവിനും ലഹരിക്കും പണം നൽകാത്തതിലെ വൈരാഗ്യത്താലാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ലോൺ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത അജീഷ് തിരിച്ചടവ് മുടങ്ങിയിരുന്നു. ലോൺ തിരിച്ചടയ്ക്കാനും ലഹരി വാങ്ങാനും പിതാവ് ആൻറണിയോടും അമ്മ വത്സമ്മയോടും പലതവണ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ പണം നൽകാതിരുന്നത് അജീഷിന് മാതാപിതാക്കളോട് വൈരാഗ്യത്തിന് കാരണമായി.

മദ്യം ഉൾപ്പെടെയുള്ള ലഹരിക്ക് അജീഷ് അടിമയായിരുന്നെന്നും മറ്റ് വരുമാനമാർഗമില്ലാത്തതിനാൽ ഓൺലൈൻ ലോൺ ആപ്പുകളെ ആശ്രയിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി. ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിച്ചതും ദേഷ്യത്തിന് കാരണമായി.

മാതാപിതാക്കളെ കൊലപ്പെടുത്താൻ അജീഷ് നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നും വ്യക്തമായി. അച്ഛനെയും അമ്മയെയും കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി മാസങ്ങൾക്ക് മുമ്പ് തന്നെ വാങ്ങി സൂക്ഷിച്ചിരുന്നു.

നിലവിൽ റിമാൻഡിലുള്ള പ്രതി ലഹരിയുടെ കെട്ട് വിട്ട് സ്വബോധത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ബുധനാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങും. കൊല്ലപ്പെട്ട ആൻറണിയുടെയും വത്സമ്മയുടെയും സംസ്കാരം ഇന്ന് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378807/idukki-double-murder-son-killed-parents-loan-debt)