---
title: "ഓണപ്പരീക്ഷയുടെ പേരിൽ വ്യാജ വാഗ്ദാനം: സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ ഡിജിപിക്ക് പരാതി"
english_title: "Kerala Education Minister Files Complaint Against Fake Onam Exam Channels"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378919/kerala-education-minister-complaint-fake-onam-exam-channels"
published_at: "2026-08-17T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82cd5923477_1000228710.jpg"
keywords: ["N Shamsudheen", "Onam Exam", "Fake News", "Social Media"]
---

# ഓണപ്പരീക്ഷയുടെ പേരിൽ വ്യാജ വാഗ്ദാനം: സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ ഡിജിപിക്ക് പരാതി

> **Lead Summary:** **തിരുവനന്തപുരം: **ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ഓഫിസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

## Article Content

**തിരുവനന്തപുരം: **ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ഓഫിസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ചില അധ്യാപകരും എജ്യുക്കേഷണൽ ചാനലുകളും കൂടുതൽ കുട്ടികളെ ആകർഷിക്കാൻ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതായി കണ്ടെത്തി.

‘ചോദ്യക്കടലാസ് തരാം’, ‘ചോദ്യങ്ങൾ മുൻകൂട്ടി പ്രവചിക്കാം’, ‘ഞങ്ങൾ നൽകുന്നത് മാത്രം പഠിച്ചാൽ മതി’ തുടങ്ങിയ പ്രചാരണങ്ങളാണ് ഇവർ നടത്തുന്നത്.

ഇത്തരം വ്യാജ പ്രചാരണങ്ങൾ കുട്ടികളിൽ തെറ്റായ പ്രതീക്ഷ ഉണ്ടാക്കുന്നുവെന്നും പരീക്ഷയെക്കുറിച്ച് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിക്കുന്ന ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ചാനലുകൾക്കുമെതിരെ അടിയന്തരമായി കർശന നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രിയുടെ ഓഫിസ് ഡിജിപിയോട് ആവശ്യപ്പെട്ടു.

സത്യസന്ധമായി ക്ലാസുകളും പഠനസഹായങ്ങളും നൽകുന്ന നിരവധി അധ്യാപകരും ചാനലുകളും ഉണ്ടെങ്കിലും, ഇതിന്റെ മറവിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ തടയണമെന്നാണ് സർക്കാരിന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378919/kerala-education-minister-complaint-fake-onam-exam-channels)