---
title: "കണ്ണൂരിലെ കൊലപാതകക്കേസ് പ്രതി 22 വർഷത്തിനുശേഷം പിടിയിൽ"
english_title: "Kannur Murder Case Absconding Accused Ragesh Arrested Bengaluru"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379051/kannur-murder-case-absconding-accused-ragesh-arrested-bengaluru"
published_at: "2026-08-18T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a840e57869b0_WhatsApp_Image_2026-08-18_at_1.12.34_PM.jpeg"
keywords: ["Kannur News", "Crime News Kerala", "Kannur City Police", "Absconding Accused Arrested"]
---

# കണ്ണൂരിലെ കൊലപാതകക്കേസ് പ്രതി 22 വർഷത്തിനുശേഷം പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി 22 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷ് ആണ് പിടിയിലായത്.

## Article Content

**കണ്ണൂർ: **കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി 22 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷ് ആണ് പിടിയിലായത്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് രാഗേഷ് പ്രതിയായിരുന്നത്. 2001-ൽ കണ്ണൂരിനെ നടുക്കിയ കൊമ്പ്ര പ്രദീപൻ വധക്കേസ്, 2004-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന രവീന്ദ്രന്റെ കൊലപാതകം, യോഗാനന്ദനെ വധിക്കാൻ ശ്രമിച്ച കേസ് എന്നിവയിലെ പിടികിട്ടാപ്പുള്ളിയാണ് അറസ്റ്റിലായ രാഗേഷ്.

ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ബഹുമാനപ്പെട്ട കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എ.സി.പി വി.വി. മനോജിന്റെയും കണ്ണൂർ എ.സി.പി അസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടെ ജന്മനാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചത്. പഴയ സുഹൃത്തിൽ നിന്ന് ലഭിച്ച അവ്യക്തമായ ഫോട്ടോയും അന്വേഷണത്തിൽ നിർണായകമായി. പോലീസ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോട്ടോ കൂടുതൽ വ്യക്തതയോടെ തയ്യാറാക്കി നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

തുടർന്ന് ബാംഗ്ലൂരിൽ നടത്തിയ അന്വേഷണത്തിൽ രാഗേഷ് എന്ന പേരുള്ള കണ്ണൂർകാരനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ ബംഗളൂരുവിനടുത്തുള്ള തർബനഹള്ളി എന്ന പ്രദേശത്ത് മറ്റൊരു പേരിൽ ഇയാൾ താമസിക്കുന്നതായി കണ്ടെത്തിയത് . ‘സാബു’ എന്ന പേരിലാണ് ഇയാൾ അവിടെ അറിയപ്പെട്ടിരുന്നത്.

തൃശൂർ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച് ഏകദേശം 20 വർഷമായി അവിടെ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കാറ്ററിംഗ് ജോലിയാണ് ചെയ്തിരുന്നത്. ജോലി കഴിഞ്ഞാൽ അധികസമയവും വീട്ടിൽ തന്നെ കഴിയുന്നതിനാൽ നാട്ടുകാർക്ക് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലായിരുന്നു.

തർബനഹള്ളി കേന്ദ്രീകരിച്ച് ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിൽ നിരവധി വീടുകൾക്കിടയിൽ രാഗേഷ് താമസിച്ചിരുന്ന വീട് കണ്ടെത്തുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെ പ്രത്യേക അന്വേഷണ സംഘം വീട് വളഞ്ഞു പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . പോലീസ് സംഘത്തെ പ്രതിരോധിക്കാൻ വീട്ടിൽ വളർത്തിയിരുന്ന നായയെ ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379051/kannur-murder-case-absconding-accused-ragesh-arrested-bengaluru)