---
title: "'ഞാൻ മണ്ണിൽ ചവിട്ടി വളർന്നതാണ്'; പരവതാനി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.എം ഷാജി"
english_title: "Carpet Controversy: I Grew Up Walking on Soil, Did Not Notice Carpet Says Minister KM Shaji"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379482/minister-km-shaji-response-carpet-controversy-alappuzha-kudumbashree-mela"
published_at: "2026-08-21T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8820dbd653a_1000229446.jpg"
keywords: ["Carpet Controversy", "Kudumbashree Mela", "Alappuzha Beach"]
---

# 'ഞാൻ മണ്ണിൽ ചവിട്ടി വളർന്നതാണ്'; പരവതാനി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.എം ഷാജി

> **Lead Summary:** **കോഴിക്കോട്: **പരവതാനി വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. തനിക്ക് അങ്ങനെയൊരു സംഭവം ഓർമ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കോഴിക്കോട്: **പരവതാനി വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. തനിക്ക് അങ്ങനെയൊരു സംഭവം ഓർമ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയ ഉടൻ തന്നെ താൻ നേരെ വേദിയിലേക്ക് കയറുകയായിരുന്നു. വഴിയിൽ കാർപ്പറ്റ് വിരിച്ചതൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. താൻ മണ്ണിൽ ചവിട്ടി വളർന്നതാണെന്നും ഇത്തരം വാർത്തകൾ കെട്ടിച്ചമയ്ക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു.

ആലപ്പുഴ ബീച്ചിൽ നടന്ന കുടുംബശ്രീ സംസ്ഥാന വിപണന മേളയിൽ പരവതാനി വിരിക്കാത്തതിനെ തുടർന്ന് മന്ത്രി കാറിൽ നിന്ന് ഇറങ്ങിയില്ലെന്നായിരുന്നു പ്രചരിച്ച വാർത്ത.

കില, ക്ലീൻ കേരള, കുടുംബശ്രീ തുടങ്ങിയ എൽ.എസ്.ജി.ഡി മിഷനുകളിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെക്കാൾ കൂടുതൽ ശമ്പളം വാങ്ങി പാർട്ടി താൽപര്യത്തിനായി മാത്രം ജോലി ചെയ്യുന്ന അനവധി ആളുകളുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇത്തരം പോസ്റ്റുകളിൽ നിന്ന് ആളുകളെ മാറ്റി വേറെ ആളുകളെ പ്രതിഷ്ഠിക്കുകയല്ല, മറിച്ച് സർക്കാരിന്റെ പൊതുസ്വത്ത് കട്ടുമുടിക്കുന്ന ഈ സി.പി.ഐ.എം ലോബികളെ പൂർണമായി ഡെമോളിഷ് ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നാളെ മന്ത്രിയായി ഇരുന്നില്ലെങ്കിലും താൻ ഇരിക്കുന്നിടത്തോളം കാലം ഇത്തരക്കാർക്കെതിരെ കർശന നടപടി തുടരുമെന്നും പഞ്ചായത്തുകളിൽ പാർട്ടി പരിപാടികൾ വിജയിപ്പിക്കുന്നതിനോ മന്ത്രിമാരുടെ പ്രസംഗങ്ങളിൽ ആളെ കൂട്ടുന്നതിനോ കുടുംബശ്രീ വോളന്റിയർമാരെ ഉപയോഗിക്കുന്ന പാർട്ടി സിസ്റ്റം പൊളിക്കുകയും കുടുംബശ്രീയെ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379482/minister-km-shaji-response-carpet-controversy-alappuzha-kudumbashree-mela)