---
title: "സൈബർ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; കാപ്പ നിലനിൽക്കുന്നതിനാൽ ജയിലിൽ തന്നെ തുടരും"
english_title: "Bail Granted to Arjun Ayanki in Cyber Case, Will Remain in Jail Due to KAAPA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379598/bail-granted-to-arjun-ayanki-in-cyber-case-will-remain-in-jail-due-to-kaapa"
published_at: "2026-08-22T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89523e32342_WhatsApp_Image_2026-08-22_at_12.18.59_PM.jpeg"
keywords: ["Arjun Ayanki", "Arjun Ayanki Bail", "Kannur Cyber Police", "KAAPA Act"]
---

# സൈബർ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; കാപ്പ നിലനിൽക്കുന്നതിനാൽ ജയിലിൽ തന്നെ തുടരും

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എഫ്.ഐ മുൻ പ്രാദേശിക നേതാവും നിരവധിയായ ക്രിമിനൽ കേസുകളിലെ പ്രതിയുമായ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി സി.ജെ.എം (ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്) കോടതിയാണ് അർജുന് ജാമ്യം അനുവദിച്ചത്.

## Article Content

**കണ്ണൂർ:** കണ്ണൂർ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എഫ്.ഐ മുൻ പ്രാദേശിക നേതാവും നിരവധിയായ ക്രിമിനൽ കേസുകളിലെ പ്രതിയുമായ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി സി.ജെ.എം (ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്) കോടതിയാണ് അർജുന് ജാമ്യം അനുവദിച്ചത്.

പോലീസിനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് ഇപ്പോൾ കോടതി ജാമ്യം നൽകിയിരിക്കുന്നത്.എന്നാൽ, കോടതി ജാമ്യം അനുവദിച്ചെങ്കിലും അർജുൻ ആയങ്കിക്ക് ഉടൻ ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കില്ല.

ക്രിമിനൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) പ്രകാരം കരുതൽ തടങ്കൽ ചുമത്തിക്കൊണ്ട് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നേരത്തെ ഉത്തരവിട്ടിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി അർജുനെതിരെ കാപ്പ ചുമത്തിയത്.

അതിനാൽ, നിലവിൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുൻ ആയങ്കിയെ കാപ്പ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കരുതൽ തടങ്കലിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് പോലീസിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379598/bail-granted-to-arjun-ayanki-in-cyber-case-will-remain-in-jail-due-to-kaapa)