---
title: "താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്"
english_title: "Heavy traffic jam at Thamarassery Pass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379694/heavy-traffic-jam-at-thamarassery-pass"
published_at: "2026-08-23T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a6997b0635_1000250074.jpg"
keywords: ["Thamarassery", "Trafficjam jam", "Kannur"]
---

# താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

> **Lead Summary:** **താമരശ്ശേരി**: താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇന്നും രൂക്ഷമായി തുടരുന്നു. അവധി ദിനമായതിനാൽ ഇന്നലെ രാവിലെ ഗുണ്ടൽപേട്ട, വയനാട് ഭാഗത്തേക്ക് പോയ വിനോദസഞ്ചാരികൾ രാത്രിയോടെ കൂട്ടത്തോടെ തിരിച്ചെത്തിയതും, രാത്രികാലങ്ങളിൽ മാത്രം പ്രവേശനാനുമതിയുള്ള ഭാരമേറിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്തതുമാണ് പ്രധാനമായും കുരുക്കിന് കാരണമായത്.

## Article Content

**താമരശ്ശേരി**: താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇന്നും രൂക്ഷമായി തുടരുന്നു. അവധി ദിനമായതിനാൽ ഇന്നലെ രാവിലെ ഗുണ്ടൽപേട്ട, വയനാട് ഭാഗത്തേക്ക് പോയ വിനോദസഞ്ചാരികൾ രാത്രിയോടെ കൂട്ടത്തോടെ തിരിച്ചെത്തിയതും, രാത്രികാലങ്ങളിൽ മാത്രം പ്രവേശനാനുമതിയുള്ള ഭാരമേറിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്തതുമാണ് പ്രധാനമായും കുരുക്കിന് കാരണമായത്.

ഇതിനുപുറമെ ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ നടക്കുന്ന വീതികൂട്ടൽ പ്രവൃത്തികൾ മൂലമുള്ള തടസ്സങ്ങളും പ്രതിസന്ധി ഇരട്ടിയാക്കി. ഇന്ന് രാവിലെയും ഗുണ്ടൽപേട്ട, വയനാട് ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വാഹനങ്ങൾ കൂടുതലായി എത്തിയതോടെ ചുരത്തിൽ കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്.

​അർദ്ധരാത്രിയിൽ രൂപപ്പെട്ട കനത്ത ബ്ലോക്കിൽ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോയ ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകളോളമാണ് വഴിയിൽ കുടുങ്ങിയത്. ഗതാഗതക്കുരുക്കിനിടയിലും ക്ഷമയില്ലാതെ ചില ഡ്രൈവർമാർ വരി തെറ്റിച്ച് റോങ് സൈഡിലൂടെ മുന്നോട്ട് എടുത്തത് ഇരുവശങ്ങളിലേക്കുമുള്ള വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.

ഇത്തരം സന്ദർഭങ്ങളിൽ ഡ്രൈവർമാർ കൃത്യമായ വരിപാലനവും സാമാന്യ മര്യാദയും കാണിച്ച് കുരുക്ക് ഒഴിവാക്കാൻ സഹകരിക്കണമെന്ന് നിരന്തരം ഓർമ്മിപ്പിക്കാറുണ്ടെങ്കിലും, അച്ചടക്കമില്ലാത്ത ഡ്രൈവിംഗ് മൂലം മണിക്കൂറുകളോളം യാത്രക്കാർ പെരുവഴിയിൽ ദുരിതത്തിലാകുന്ന കാഴ്ചയാണ് ചുരത്തിൽ ഇപ്പോഴും കാണുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379694/heavy-traffic-jam-at-thamarassery-pass)