---
title: "ഇ.ഡി കേസ് പ്രതികളുടെ റീൽസ് വിവാദം; 'പ്രതികൾക്ക് മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്ത പോലീസുകാർ വരെ ഉണ്ട്' - കെ.മുരളീധരൻ"
english_title: "ED Accused Reels In Police Station Row K Muraleedharan Says Cops Bought Clothes For Accused"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379743/k-muraleedharan-ed-accused-reels-museum-police-station-controversy-kerala"
published_at: "2026-08-23T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aba84d1a4e_1000229751.jpg"
keywords: ["K Muraleedharan", "ED Case", "Museum Police Station", "Reels Controversy"]
---

# ഇ.ഡി കേസ് പ്രതികളുടെ റീൽസ് വിവാദം; 'പ്രതികൾക്ക് മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്ത പോലീസുകാർ വരെ ഉണ്ട്' - കെ.മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: ** ഇ.ഡി കേസ് പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് റീൽസ് ചിത്രീകരിച്ചതിൽ പ്രതികരണവുമായി മന്ത്രി കെ.മുരളീധരൻ.

## Article Content

**തിരുവനന്തപുരം: ** ഇ.ഡി കേസ് പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് റീൽസ് ചിത്രീകരിച്ചതിൽ പ്രതികരണവുമായി മന്ത്രി കെ.മുരളീധരൻ.

ഊഞ്ഞാലാടുകയും ചെണ്ടകൊട്ടുകയും ചെയ്തിട്ടുണ്ട്. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥർ ഇപ്പോഴും പോലീസിൽ ഉണ്ട്. അതിന്റെ ദോഷമാണ്. നടപടി പോലീസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇദ്ദേഹത്തിന് മുണ്ടും ഷർട്ടും വാങ്ങിച്ചുകൊടുത്ത പോലീസുകാർ വരെയുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പോലീസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാനാണ് ഈ ആഘോഷത്തിന്റെ പിന്നിൽ പ്രവർത്തിച്ച കക്ഷി.

മന്ത്രി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേര് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് ഞാൻ പറയുന്നില്ല. മ്യൂസിയം സ്റ്റേഷനിൽ കോൺഗ്രസുകാരെ തല്ലുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന് കഴിഞ്ഞ 10 വർഷക്കാലം. ആ വിദ്വാൻ പറഞ്ഞിട്ടാണ് പഴയ കൗൺസിലർക്ക് മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡി കേസ് പ്രതികളായ ഐ.പി ബിനു അടക്കമുള്ള സി.പി.ഐ.എം പ്രവർത്തകർ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷം നടത്തി റീൽസ് ചിത്രീകരിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ എ.ഡി.ജി.പി പി.വിജയൻ നിർദേശം നൽകിയിരുന്നു. പ്രതികൾ പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിനൊപ്പം പങ്കുചേർന്നതിൽ പോലീസിന് വീഴ്ച ഉണ്ടായെന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിൽ ഓണാഘോഷമാണെന്ന് പരിഗണിക്കാതെ പ്രതികളെ പരിസരത്ത് നിർത്തി.

ഒപ്പിടിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞുവിടുന്നതിൽ പോലീസിന് വീഴ്ചയുണ്ടായി എന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. ദക്ഷിണ മേഖല ഐ.ജിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ തുടർനടപടികൾ സംസ്ഥാന പോലീസ് മേധാവി തീരുമാനിക്കും.

അതേസമയം, മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിലും അദ്ദേഹം പ്രതികരിച്ചു. ഇ.ഡിയുടെ കാര്യത്തിൽ തങ്ങൾ അഭിപ്രായം പറയുന്നില്ല. ഇ.ഡിയോട് ഞങ്ങൾക്ക് എല്ലായിടത്തും ഒരേ നിലപാടാണ്. രാഷ്ട്രീയമായി കേന്ദ്രത്തിന്റെ ഇടപെടൽ നടക്കുന്ന സ്ഥാപനമാണ് ഇ.ഡി. ഇ.ഡിയുടെ ഒരു നിലപാടിനെയും കോൺഗ്രസ് അനുകൂലിക്കുന്നില്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379743/k-muraleedharan-ed-accused-reels-museum-police-station-controversy-kerala)