---
title: "ജില്ലാതല ഓണവാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ; കലക്ടറേറ്റ് മൈതാനിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ"
english_title: "Kannur District Level Onam Week Celebration From Aug 24 To 30 At Collectorate Ground"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379758/kannur-district-onam-celebration-aug-24-30-collectorate-ground-programs"
published_at: "2026-08-23T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ad82e99199_1000229785.jpg"
keywords: ["Kannur Onam Celebration", "Onam 2026", "Collectorate Ground", "Sunny Joseph"]
---

# ജില്ലാതല ഓണവാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ; കലക്ടറേറ്റ് മൈതാനിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ

> **Lead Summary:** **കണ്ണൂർ: **ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ജില്ലാതല ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുമെന്ന് ടി.ഒ മോഹനൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ജില്ലാതല ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുമെന്ന് ടി.ഒ മോഹനൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കലയും സംഗീതവും വിനോദവും പാരമ്പര്യവും ഒത്തുചേരുന്ന ഈ ആഘോഷവേദിയിൽ കുടുംബസമേതം ആസ്വദിക്കാനാകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓണാഘോഷം 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നാളെ (ആഗസ്റ്റ് 24) വൈകിട്ട് 6.30 മണിക്ക് നിർവഹിക്കും. ചടങ്ങിൽ അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.സുധാകരൻ എം.പി, മേയർ പി.ഇന്ദിര, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്ടർ പി.വിഷ്ണു രാജ് സ്വാഗതം ആശംസിക്കും.

എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിക്ക് കലാപരിപാടികൾ ആരംഭിക്കും. ഓരോ ദിവസവും ഒരു മെഗാ കലാപരിപാടിയും അതോടൊപ്പം മികച്ച പ്രാദേശിക കലാപരിപാടികളും അവതരിപ്പിക്കുന്ന രീതിയിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

*പ്രധാന കലാപരിപാടികൾ:*

*ആഗസ്റ്റ് 24 -* വൈകിട്ട് 3.30ന് തിരുവാതിരകളി മത്സരം, 5 മണിക്ക് ഗോത്ര കലാകാരന്മാരുടെ പരിപാടികൾ, 7 മണിക്ക് ആട്ടം കലാസമിതി & തേക്കിൻകാട് ബാൻഡ് മ്യൂസിക്കൽ ഫ്യൂഷൻ.

*ആഗസ്റ്റ് 25 -* ശാസ്ത്രീയ നൃത്തം (പാർവതി നായർ), കണ്ണൂർ ഷെരീഫ് നയിക്കുന്ന ഗാനമേള.

*ആഗസ്റ്റ് 26 -* ഭാരത് ഭവൻ അവതരിപ്പിക്കുന്ന ഇതരസംസ്ഥാന കലാവിരുന്ന് - രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ നൃത്തങ്ങൾ, 'രസതന്ത്ര' കോമഡി ആന്റ് ബാൻഡ് മെഗാ ഷോ.

*ആഗസ്റ്റ് 27 -* ഗസൽ സന്ധ്യ (സിയാ ഉൾ ഹഖ്), ജാസി ഗിഫ്റ്റിന്റെ ഗാനമേള.

*ആഗസ്റ്റ് 28 -* ഐഡിയ സ്റ്റാർ സിംഗർ ഫെയിം രാഹുൽ ആർ ലക്ഷ്മൺ & അഖിൽ എ.എൽ, ലക്ഷ്മി കീർത്തനയുടെ ഡാൻസ് നൈറ്റ്, ഇന്ദുലേഖ വാര്യരുടെ മ്യൂസിക്കൽ ബാൻഡ്.

*ആഗസ്റ്റ് 29 -* 'കടാങ്കോട്ട് മാക്കം' മോഹിനിയാട്ടം, ഫാഷൻ ഷോ, 'ഞങ്ങൾ നാട്ടറിവിന്റെ മക്കൾ' ഫോക്ക് മെഗാ ഷോ, വാട്ടർ ഡ്രംസ് ഡിജെ നൈറ്റ്.

*ആഗസ്റ്റ് 30 -* ചാക്യാർകൂത്ത് (കലാമണ്ഡലം അഭിജോഷ്), സമാപന സമ്മേളനം, അൽഫോൻസ് ജോസഫിന്റെ മ്യൂസിക്കൽ നൈറ്റ്.

കൂടാതെ പൂക്കള മത്സരം, ചിത്രരചന, മൈലാഞ്ചിയിടൽ മത്സരങ്ങളും ഉണ്ടാകും. ആഗസ്റ്റ് 30ന് ഉച്ചയ്ക്ക് 2 മണി മുതൽ ഊർപ്പള്ളി വയലിൽ മഴയുത്സവം - മഡ് ഫുട്ബോൾ, കമ്പവലി, നാടൻ കലാമേള എന്നിവയും സംഘടിപ്പിക്കും.

വാർത്താസമ്മേളനത്തിൽ ഡി.ടി.പി.സി സെക്രട്ടറി ഡി.വി പ്രഭാത്, കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ റിജിൽ മാക്കുറ്റി, കണ്ണൂർ പ്രസ്‌ക്ലബ് പ്രസിഡന്റ് സി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379758/kannur-district-onam-celebration-aug-24-30-collectorate-ground-programs)