---
title: "അധ്യാപകരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസെടുക്കാൻ വിജിലൻസ്"
english_title: "Kannur Schools Fake Students To Retain Teacher Posts Vigilance Seeks Permission To File Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379859/kannur-schools-fake-student-number-vigilance-report-case-teacher-posts"
published_at: "2026-08-24T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c112a27266_1000230115.jpg"
keywords: ["Kannur Schools", "Vigilance", "Fake Students", "Education Department"]
---

# അധ്യാപകരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസെടുക്കാൻ വിജിലൻസ്

> **Lead Summary:** **കണ്ണൂർ: **അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തൽ. ജില്ലയിലെ ഇരുപതോളം സ്കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

## Article Content

**കണ്ണൂർ: **അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തൽ. ജില്ലയിലെ ഇരുപതോളം സ്കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ എന്നിവയിലും വൻ തട്ടിപ്പ് നടന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. യൂണിഫോം, പാഠപുസ്തകങ്ങൾ, ഉച്ചഭക്ഷണം തുടങ്ങിയവയിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നും വിജിലൻസ് കണ്ടെത്തി.

മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പേരിൽ ചില സ്കൂളുകൾ വ്യാജ രേഖ ഉണ്ടാക്കി. വ്യാജ മേൽവിലാസത്തിലുള്ള കുട്ടികൾ പോലും ഹാജരായതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ ക്ലാസ് അധ്യാപകർക്കെതിരെയും പ്രധാന അധ്യാപകർക്കെതിരെയും കേസ് എടുക്കും.

തലശ്ശേരിയിലുള്ള സ്കൂളിൽ ഒരു ക്ലാസിൽ മാത്രം 19 കുട്ടികളെയാണ് അധികമായി ചേർത്തത്. ചില വിദ്യാർത്ഥികളെ കാസർകോട് ജില്ലയിൽ നിന്നും കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കടമെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സമ്മർദം കൊണ്ടാണ് വ്യാജ രേഖയുണ്ടാക്കിയതെന്നാണ് അധ്യാപകർ പറയുന്നത്. കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ എട്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379859/kannur-schools-fake-student-number-vigilance-report-case-teacher-posts)