---
title: "വൈദ്യുതി ബിൽ ഇനി സമയം നോക്കി! പകൽ കുറഞ്ഞ നിരക്ക്, രാത്രിയിൽ ഉയർന്ന നിരക്ക്"
english_title: "Kerala Electricity Bill ToD System Day Low Night High Tariff KSEB Draft"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379970/kerala-electricity-bill-tod-day-low-night-high-tariff-kseb-draft-2027-2032"
published_at: "2026-08-25T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d6bcacaf16_1000230349.jpg"
keywords: ["Electricity Regulatory Commission", "ToD Tariff", "Electricity Bill"]
---

# വൈദ്യുതി ബിൽ ഇനി സമയം നോക്കി! പകൽ കുറഞ്ഞ നിരക്ക്, രാത്രിയിൽ ഉയർന്ന നിരക്ക്

> **Lead Summary:** **തിരുവനന്തപുരം: **പകൽ സമയത്ത് കുറഞ്ഞ നിരക്കും രാത്രിയിൽ ഉയർന്ന നിരക്കും ഉൾപ്പെടെ കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താനുള്ള നിർദേശങ്ങളുമായി അടുത്ത 5 വർഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 മുതൽ തിരിച്ചുപിടിക്കാനും നിർദേശമുണ്ട്.

## Article Content

**തിരുവനന്തപുരം: **പകൽ സമയത്ത് കുറഞ്ഞ നിരക്കും രാത്രിയിൽ ഉയർന്ന നിരക്കും ഉൾപ്പെടെ കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താനുള്ള നിർദേശങ്ങളുമായി അടുത്ത 5 വർഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 മുതൽ തിരിച്ചുപിടിക്കാനും നിർദേശമുണ്ട്.

2027 മുതൽ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്കരണം എങ്ങനെയാകണമെന്നുള്ള മാർഗനിർദേശങ്ങളുടെ കരടാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചത്. സമയം നോക്കി നിരക്ക് (ToD) കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താനുള്ള നിർദ്ദേശമുണ്ട്. നിലവിൽ മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്കാണ് ടിഒഡി സംവിധാനമുള്ളത്.

സോളാർ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്കും, ഉയർന്ന വൈദ്യുതി ഉപയോഗമുള്ള രാത്രിയിൽ ഉയർന്ന നിരക്കും. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കുകയെന്നതാണ് ലക്ഷ്യം.

ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാർ ഉത്പാദകർക്ക് പീക്ക് സമയത്ത് നിരക്ക് ഇളവ് നൽകുന്നതിനെക്കുറിച്ചും കെഎസ്ഇബിക്ക് നിർദേശം സമർപ്പിക്കാം. ഫിക്സഡ് ചാർജ് കണക്കാക്കുന്ന രീതിയിലും മാറ്റം വരാം. ഇപ്പോൾ സ്ലാബ് അനുസരിച്ചാണ് ഫിക്സഡ് ചാർജ്. മീറ്റർ സംവിധാനം ആയാൽ ആകെ ഉപഭോഗം നോക്കി ഫിക്സഡ് ചാർജ് നിശ്ചയിക്കണമെന്നാണ് നിർദേശം.

ഇന്ധന സർചാർജ് മാസം തോറും പിരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിർദേശവുമുണ്ട്. വൈദ്യുതി വാങ്ങാൻ ചെലവായ തുക നിരക്കിലൂടെ ഈടാക്കാൻ കഴിയാത്തതിനാൽ 2024 വരെ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം 2031ന് മുൻപ് നികത്തണമെന്നാണ് സുപ്രീം കോടതി നിർദേശം. ഇത് 2027 മുതൽ പിരിക്കുമ്പോൾ ചാർജിൽ വർധനയുണ്ടാകും.

അതേസമയം, വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കാൻ നല്ല ശ്രമം വേണമെന്നാണ് കമ്മീഷൻ നിർദേശം. പൊതുജനങ്ങൾക്ക് അടുത്ത മാസം 25 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379970/kerala-electricity-bill-tod-day-low-night-high-tariff-kseb-draft-2027-2032)