---
title: "ഇന്ന് തിരുവോണം; നാടെങ്ങും ആഘോഷം"
english_title: "Thiruvonam is celebrated across the country today."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380010/thiruvonam-is-celebrated-across-the-country-today"
published_at: "2026-08-26T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e56a0905ed_1000255613.jpg"
keywords: ["Thiruvonam"]
---

# ഇന്ന് തിരുവോണം; നാടെങ്ങും ആഘോഷം

> **Lead Summary:** ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റാൽ ഓണസദ്യ ഒരുക്കാനുള്ള ഒരുക്കങ്ങളിലാണ് വീടുകൾ. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം.

## Article Content

ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റാൽ ഓണസദ്യ ഒരുക്കാനുള്ള ഒരുക്കങ്ങളിലാണ് വീടുകൾ. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം.

അത് ഒരുമയുടേയും സ്‌നേഹത്തിന്റെയും ആഘോഷമാണ്. കുടുംബത്തിന്റെ ഒത്തുചേരലിന്റെ സമയമാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മലയാളികള്‍ ഓണമുണ്ണാന്‍ ഒത്തുചേര്‍ന്നു കഴിഞ്ഞു. 'കാണം വിറ്റും ഓണം ഉണ്ണണമെന്നാണ്' പഴമൊഴി. ഓണമുണ്ണാന്‍ കാണം വില്‍ക്കാനും തയാറാകുന്ന പാരമ്പര്യമാണു മലയാളിയുടേത്.

ഇനി വരുന്ന വര്‍ഷത്തേക്കുള്ള ഓര്‍മകള്‍ ചേര്‍ത്ത് വയ്ക്കാനുള്ള പ്രതീക്ഷയുടെ ദിനം കൂടിയാണ്. വീട്ടില്‍ മാത്രമല്ല, നാട്ടിലും ജോലിസ്ഥലങ്ങളിലും നാട്ടിന്‍പുറത്തെ ക്ലബുകളിലും ഓണാഘോഷ പരിപാടികള്‍ പൊടിപൊടിച്ചു.

തിരുവോണത്തിനാണ് മഹാബലി തമ്പുരാന്‍ പാതാളത്തില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നതെന്നാണ് ഐതിഹ്യം. ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഈ ദിവസം വിളവെടുപ്പിന്റെ കൂടി ഉത്സവമാണ്. പഞ്ഞ മാസത്തിന്റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്പാണിത്. പണ്ടുകാലത്ത് ഓണത്തിന് മുമ്പായി പാടത്ത് വിളഞ്ഞ് നില്‍ക്കുന്ന നെല്ല് കൊയ്‌തെടുക്കുമായിരുന്നു. ഇതെല്ലാം ഇന്ന് മലയാളിക്ക് ഗൃഹാതുരത്വം നല്‍കുന്ന ഓര്‍മകളാണ്. ഏവര്‍ക്കും വീ വൺ കേരളയുടെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380010/thiruvonam-is-celebrated-across-the-country-today)