---
title: "മാനന്തവാടി - മട്ടന്നൂർ എയർപോർട്ട് റോഡ് നിർമ്മാണം വേഗത്തിലാക്കണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്"
english_title: "Mananthavady Mattannur Airport Road Construction Speed Up Demand Congress Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380416/mananthavady-mattannur-airport-road-demand-congress-kottiyoor"
published_at: "2026-08-30T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93f09849a00_1000231379.jpg"
keywords: ["Mananthavady Mattannur Road", "Kottiyoor Congress", "Kasturirangan Report", "Kannur Airport Road"]
---

# മാനന്തവാടി - മട്ടന്നൂർ എയർപോർട്ട് റോഡ് നിർമ്മാണം വേഗത്തിലാക്കണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്

> **Lead Summary:** **കൊട്ടിയൂർ: **മാനന്തവാടി - മട്ടന്നൂർ എയർപോർട്ട് റോഡിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ ഉടനടി ആരംഭിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**കൊട്ടിയൂർ: **മാനന്തവാടി - മട്ടന്നൂർ എയർപോർട്ട് റോഡിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ ഉടനടി ആരംഭിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ജോണി ആമക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.

യോഗത്തിൽ നെഹ്റു ട്രോഫി വള്ളംകളിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നടുഭാഗം ചുണ്ടന്റെ അമരക്കാരനും കൊട്ടിയൂർ സ്വദേശിയുമായ റിച്ചാർഡ് ജയ്സൺ നങ്ങിണിയെ ആദരിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അദ്ദേഹത്തിന് ഉപഹാരം നൽകി.

കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഏഴാമത് കരട് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ, മലയോര ജനതയുടെ ആശങ്കകളും പരാതികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനകളെയും വ്യക്തികളെയും ഏകോപിപ്പിച്ച് നിവേദനങ്ങളും പരാതികളും സമർപ്പിക്കും. ജനവാസ മേഖലകളെയും കൃഷിഭൂമികളെയും ബാധിക്കുന്ന വിഷയങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും.

വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കും വരെ ശക്തമായ തുടർനടപടികളുമായി മുന്നോട്ട് പോകാൻ യോഗം ധാരണയായി. കോൺഗ്രസ് ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ, കർഷക കോൺഗ്രസ് നേതാക്കൾ, വിവിധ പോഷക സംഘടനകളുടെ മണ്ഡലം പ്രസിഡന്റുമാർ, ബൂത്ത്, വാർഡ് പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380416/mananthavady-mattannur-airport-road-demand-congress-kottiyoor)