---
title: " 'സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പറഞ്ഞ അഭിപ്രായം'; കാന്തപുരത്തെ ന്യായീകരിച്ച് സാദിഖലി ശിഹാബ് തങ്ങൾ"
english_title: "Sadiq Ali Shihab Thangal Defends Kanthapuram Anti Women Remarks Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380704/sadiq-ali-thangal-defends-kanthapuram-women-remarks-controversy"
published_at: "2026-09-01T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a969b996151c_1000231736.jpg"
keywords: ["Kanthapuram AP Aboobacker Musliyar", "Sadiq Ali Shihab Thangal", "Muslim League", "Women Remarks Controversy"]
---

#  'സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പറഞ്ഞ അഭിപ്രായം'; കാന്തപുരത്തെ ന്യായീകരിച്ച് സാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** **മലപ്പുറം: **സ്ത്രീ വിരുദ്ധ പരാമർശത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായമാണെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

## Article Content

**മലപ്പുറം: **സ്ത്രീ വിരുദ്ധ പരാമർശത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായമാണെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

സ്ത്രീകളുടെ സുരക്ഷയാകും ഉസ്താദ് ഉദ്ദേശിച്ചിട്ടുണ്ടാവുക. സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് സ്ത്രീകൾ ആണെന്നും സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ചാണ് ആ പരാമർശമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നന്മക്ക് വേണ്ടി ചേർന്ന് നിൽക്കണം. മുസ്‌ലിം ലീഗിനെ സംബന്ധിച്ച് സമുദായത്തിന്റെ ഐക്യവും സാമൂഹ്യ ഐക്യവും പ്രധാനമാണെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

'പണ്ഡിതോചിതമായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതാണ്. അതിനപ്പുറത്ത് ഒന്നും പറയാനില്ല. അവരൊക്കെ പണ്ഡിതന്മാരല്ലേ. വർത്തമാനകാലത്ത് സ്ത്രീകളാണ് ഏറെ വേട്ടയാടപ്പെടുന്നത്. സ്ത്രീ സുരക്ഷയെ കരുതിയാകും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാകുക. സമൂഹത്തിന്റെ നിലവിലെ അവസ്ഥയിൽ ഓരോ ആളുകൾക്കും ഓരോ അഭിപ്രായം എന്നില്ല. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുക എന്നുള്ളതാണ്.

മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സാമൂഹിക, സാമുദായിക ഐക്യം പ്രധാനമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചാണ് മുസ്‌ലിം ലീഗ് മുന്നോട്ടുപോകുന്നത്. വിഷയത്തിലുള്ള അഭിപ്രായം ലീഗിനോട് മാത്രം ചോദിക്കേണ്ട. മറ്റ് രാഷ്ട്രീയ പാർട്ടികളോടും അഭിപ്രായം തേടൂ', എന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്.

നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം എന്ന നിലയിലായിരുന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നത്. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്.

ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

സംഭവം വിവാദമായി നിൽക്കെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാൽ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമാണ് കാന്തപുരം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380704/sadiq-ali-thangal-defends-kanthapuram-women-remarks-controversy)