---
title: "അധ്യാപക നിയമനം: 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി"
english_title: "Kerala Teacher Appointment 18 PSC Rank Lists Extended Six Months Chief Minister VD Satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380855/teacher-appointment-18-psc-rank-lists-extended-6-months-cm-vd-satheesan"
published_at: "2026-09-02T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97e8a45402f_1000232023.jpg"
keywords: ["Kerala PSC", "Teacher Appointment Rank List", "VD Satheesan", "PSC Extension"]
---

# അധ്യാപക നിയമനം: 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **പതിനെട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. അധ്യാപക നിയമനത്തിനുള്ള ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **പതിനെട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. അധ്യാപക നിയമനത്തിനുള്ള ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.

പല കാരണങ്ങളാൽ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാലാണ് കാലാവധി നീട്ടി നൽകിയത്. പ്രൈമറി മുതൽ എച്ച്എസ്എസ്ടി വരെയുള്ള അധ്യാപക നിയമനത്തിലുള്ള ലിസ്റ്റിന്റെ കാലാവധിയാണ് നീട്ടിയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓപ്പറേഷൻ തൂഫാന് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. ലഹരിക്കേസുകളിൽ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് കോടതികൾ ആരംഭിക്കുക. 11 തസ്തികകൾ വീതം മൂന്ന് കോടതികളിൽ അതായത് ആകെ 33 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം വിവാദത്തിലും അദ്ദേഹം പ്രതികരണം അറിയിച്ചു. പാർട്ടി പരിപാടിയിലും സർക്കാർ പരിപാടികളിലും ആദ്യ രണ്ട് സ്റ്റാൻസ മാത്രം പാടാനാണ് തീരുമാനം. ആഗസ്റ്റ് 15ന് വന്ദേമാതരം ആലപിച്ചല്ലോ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം വരുമ്പോൾ പ്രോട്ടോക്കോൾ പാലിക്കേണ്ടി വരും. അത് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. അതിനാലാണ് മുഴുവൻ ആലപിച്ചത്.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി സതീശൻ ആഞ്ഞടിച്ചു. സ്ത്രീകൾ വീട്ടിലിരിക്കേണ്ടവരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനോട് പാർട്ടിക്കോ സർക്കാരിനോ തനിക്കോ യോജിക്കാനാകില്ല. വീട്ടകങ്ങളിൽ ഒതുങ്ങിക്കഴിയേണ്ടവരല്ല സ്ത്രീകൾ. ജീവിതത്തിന്റെ മുഖ്യധാരയിലെ സമസ്ത മേഖലകളിലും പങ്കെടുക്കേണ്ടവളാണ് സ്ത്രീ. കാന്തപുരത്തിന്റെ പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയിൽ നിന്ന് വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾ മുഖ്യധാരയിലേക്ക് വരേണ്ടവളാണെന്നാണ് ഇസ്ലാമിക ചരിത്രവും പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ ബിസിനസുകാരിയായിരുന്നു. രണ്ടാം ഭാര്യ ആയിഷയാകട്ടെ യുദ്ധത്തിൽ പങ്കെടുത്ത സർവസൈന്യാധിപ പോലുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380855/teacher-appointment-18-psc-rank-lists-extended-6-months-cm-vd-satheesan)