---
title: "കരിപ്പൂരിൽ വൻ സ്വർണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവർ കസ്റ്റഡിയിൽ"
english_title: "Karipur Gold Smuggling Baby Diaper DRI Custody One Crore Gold Seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380865/karipur-gold-smuggling-baby-diaper-dri-custody"
published_at: "2026-09-02T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97f04d7bbc2_1000232042.jpg"
keywords: ["Karipur Gold Smuggling", "DRI Gold Seizure", "Karipur Airport"]
---

# കരിപ്പൂരിൽ വൻ സ്വർണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവർ കസ്റ്റഡിയിൽ

> **Lead Summary:** **മലപ്പുറം: **കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് ഒരു കോടി രൂപയുടെ സ്വർണം കടത്താനുള്ള ശ്രമം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തടഞ്ഞു.

## Article Content

**മലപ്പുറം: **കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് ഒരു കോടി രൂപയുടെ സ്വർണം കടത്താനുള്ള ശ്രമം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തടഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ റാസൽഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലാണ് സംഘം എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനമിറങ്ങിയവരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം കൊച്ചിയിൽ സാനിറ്ററി നാപ്കിനിൽ സ്വർണം കടത്തിയ കേസിൽ ഒരു യുവതി പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കരിപ്പൂർ വഴിയുള്ള ഈ സ്വർണക്കടത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് റാസൽഖൈമയിൽ നിന്ന് വിമാനം ഇറങ്ങുന്നതുവരെ ഈ കുടുംബം ശക്തമായ നിരീക്ഷണത്തിലായിരുന്നു.

വിമാനമിറങ്ങിയ ഉടൻ തന്നെ ഡിആർഐ സംഘം ഇവരെ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ പിതാവിനെ പരിശോധിച്ചതിൽ നിന്നാണ് ആദ്യം സ്വർണം കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് ഡയപ്പറിനുള്ളിൽ മിശ്രിത രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

കൊച്ചിയിലും കരിപ്പൂരിലുമായി പിടിയിലായ പ്രതികൾ നിലവിൽ ഡിആർഐയുടെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ വലിയൊരു സ്വർണക്കടത്ത് മാഫിയാ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380865/karipur-gold-smuggling-baby-diaper-dri-custody)