---
title: "കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല; വിമർശിച്ച് എഎൻ ഷംസീർ"
english_title: "Kanthapuram Statement Not Acceptable Says AN Shamseer Controversy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381107/kanthapuram-statement-an-shamseer-criticism-controversy"
published_at: "2026-09-04T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a8ed59b4f9_1000232562.jpg"
keywords: ["Kanthapuram AP Aboobacker Musliyar", "AN Shamseer", "Women Controversy Kerala"]
---

# കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല; വിമർശിച്ച് എഎൻ ഷംസീർ

> **Lead Summary:** **കണ്ണൂർ: **സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ വിമർശിച്ച് സിപിഐഎം നേതാവ് എ എൻ ഷംസീർ.

## Article Content

**കണ്ണൂർ: **സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ വിമർശിച്ച് സിപിഐഎം നേതാവ് എ എൻ ഷംസീർ.

കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല. പൊതുസമൂഹത്തിന് അത് ന്യായീകരിക്കാൻ കഴിയില്ല. രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണം. കാന്തപുരം ഭരണഘടന അംഗീകരിക്കാൻ തയ്യാറാകണമെന്നും ഷംസീർ പറഞ്ഞു.

അതേസമയം സ്ത്രീവിരുദ്ധ പ്രസ്താവനയിലെ വിവാദങ്ങൾക്കിടെ വിശദീകരണ പോസ്റ്റുമായി കാന്തപുരം എ പി അബൂബക്കർ മുസലിയാരും രംഗത്തെത്തി. ആത്മീയ ചർച്ചകളെ വിവാദമാക്കാനുള്ള നിക്ഷിപ്ത താൽപര്യങ്ങൾ തിരിച്ചറിയണമെന്ന് പോസ്റ്റിൽ കാന്തപുരം പറയുന്നു. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ദുഷ്ടലാക്കാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

'സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ നാം തിരിച്ചറിയണം.

അറിവന്വേഷണങ്ങളെ അട്ടിമറിച്ച് സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കണം. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്', പോസ്റ്റിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381107/kanthapuram-statement-an-shamseer-criticism-controversy)