---
title: "ശ്രീകൃഷ്ണ ജയന്തി: പേരാവൂർ മേഖലയിൽ ഭക്തിനിർഭരമായ ശോഭയാത്രകൾ"
english_title: "Sree Krishna Jayanthi Ceebrations Shobhayatra Peravoor Region 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381164/sree-krishna-jayanthi-ceebrations-shobhayatra-peravoor-region-2026"
published_at: "2026-09-05T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b76c615850_1000272814.jpg"
keywords: ["Peravoor", "Sreekrishnajayanthi"]
---

# ശ്രീകൃഷ്ണ ജയന്തി: പേരാവൂർ മേഖലയിൽ ഭക്തിനിർഭരമായ ശോഭയാത്രകൾ

> **Lead Summary:** **പേരാവൂർ**: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പേരാവൂർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളും ഭക്തിനിർഭരമായ ശോഭയാത്രകളും നടന്നു. ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ നൂറുകണക്കിന് കുട്ടികളും ഭക്തജനങ്ങളും ആഘോഷങ്ങളിൽ പങ്കാളികളായി.

## Article Content

**പേരാവൂർ**: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പേരാവൂർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളും ഭക്തിനിർഭരമായ ശോഭയാത്രകളും നടന്നു. ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ നൂറുകണക്കിന് കുട്ടികളും ഭക്തജനങ്ങളും ആഘോഷങ്ങളിൽ പങ്കാളികളായി.

കണിച്ചാർ ചാണപ്പാറ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടന്നു. സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച ശോഭയാത്ര ചാണപ്പാറ കണ്ണനൂർ ക്ഷേത്രത്തിൽ സമാപിച്ചു.

നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭയാത്രയ്ക്ക് വർണാഭയേകി. ഉറിയടിയും സാംസ്കാരിക സമ്മേളനവും ഇതിന്റെ ഭാഗമായി നടന്നു. വി ശ്രീകുമാർ, കെ പി സുധീഷ്, തിട്ടയിൽ രാമചന്ദ്രൻ, സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

കൊട്ടിയൂർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങളോടെ കൊട്ടിയൂർ അമ്പാടിയായി മാറി. പാൽച്ചുരം, അമ്പായത്തോട്, മണഞ്ചേരി, പാലുകാച്ചി, ചുങ്കക്കുന്ന്, ചപ്പമല, അമ്പലക്കുന്ന് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ഉപശോഭയാത്രകൾ സംഗമിച്ച് മഹാശോഭയാത്രയായി മാറി. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും ഉറിയടിയും സാംസ്കാരിക സമ്മേളനവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

കാക്കയങ്ങാട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പാലപ്പുഴ, പാല, പൊല്ലാഞ്ഞോട്, മുഴക്കുന്ന്, വിളക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ചെറുശോഭയാത്രകൾ കാക്കയങ്ങാട് ടൗണിൽ സംഗമിച്ചു. തുടർന്ന് മഹാശോഭയാത്രയായി ഉളീപ്പടി ഉലകേശ്വരി ക്ഷേത്രത്തിൽ സമാപിച്ചു.

തില്ലങ്കേരി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കാരക്കുന്ന്, ചാളപ്പറമ്പ്, വാഴക്കാൽ, വേങ്ങരച്ചാൽ, കാർക്കോട്, ഏച്ചിക്കുന്നാൽ, മച്ചൂർമല, ആലാച്ചി, കടുക്കാപ്പാലം എന്നിവിടങ്ങളിൽ നിന്നുള്ള ഉപശോഭയാത്രകൾ തില്ലങ്കേരി ആലയാട് സ്കൂളിന് സമീപം സംഗമിച്ചു. തുടർന്ന് ടൗൺ ചുറ്റി പനക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാശോഭയാത്ര സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381164/sree-krishna-jayanthi-ceebrations-shobhayatra-peravoor-region-2026)