---
title: "മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതൽ"
english_title: "Kerala Temperature Rises 4 Degrees Above Normal Amid Weak Monsoon Power Crisis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381360/kerala-temperature-rises-4-degrees-power-crisis-monsoon-weak"
published_at: "2026-09-06T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d2808c1cf9_1000233004.jpg"
keywords: ["Kerala Temperature", "Kerala Power Cut", "KSEB"]
---

# മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതൽ

> **Lead Summary:** **തിരുവനന്തപുരം : **കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നതായി റിപ്പോർട്ട്. സാധാരണയിലും നാല് ഡിഗ്രി സെൽഷ്യസ് വരെ അധികമാണ് നിലവിലെ താപനില. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. അതിനിടെ ഭാഗികമായി ഉണ്ടാകുന്ന പവർകട്ടും പൊതുജനങ്ങളെ വലയ്ക്കുകയാണ്. കെഎസ്ഇബി നടപടിയിൽ പ്രതിഷേധവും ശക്തമാണ്.

## Article Content

**തിരുവനന്തപുരം : **കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നതായി റിപ്പോർട്ട്. സാധാരണയിലും നാല് ഡിഗ്രി സെൽഷ്യസ് വരെ അധികമാണ് നിലവിലെ താപനില. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. അതിനിടെ ഭാഗികമായി ഉണ്ടാകുന്ന പവർകട്ടും പൊതുജനങ്ങളെ വലയ്ക്കുകയാണ്. കെഎസ്ഇബി നടപടിയിൽ പ്രതിഷേധവും ശക്തമാണ്.

സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് പതിവിലും ഉയർന്ന താപനിലയാണ്. ഒറ്റപ്പെട്ട മഴ പ്രവചനങ്ങളുണ്ടെങ്കിലും അളവിൽ ഗണ്യമായ കുറവ് വന്നു. കൊല്ലം ജില്ലയിലെ പുനലൂർ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 36.2 ഡിഗ്രി സെൽഷ്യസാണ്. കോട്ടയം, പാലക്കാട്, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലും താപനിലയുടെ അളവിൽ വർധനവുണ്ട്. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ വർദ്ധനയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.

ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിൽ കാര്യമായ കുറവുണ്ട്. പീക്ക് സമയങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ്. വരും ദിവസങ്ങളിലും ആറ് മണിക്കും പന്ത്രണ്ട് മണിക്കും ഇടയിൽ ഭാഗികമായി നിശ്ചിത സമയം കറണ്ട് പോകാനുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് നിയന്ത്രണത്തിന് കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

കടുത്ത ചൂടിൽ കറന്റ് പോയതോടെ വൈറ്റില കെഎസ്ഇബി ഓഫീസിൽ നാട്ടുകാർ അർധരാത്രിയിൽ പ്രതിഷേധിച്ചു. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഓക്സിജൻ സപ്പോർട്ട് വേണ്ട രോഗികൾ ഉൾപ്പെടെയാണ് വലഞ്ഞത്. കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ എത്തിയതിനുശേഷമാണ് നാട്ടുകാർ സമവായത്തിലേക്ക് എത്തിയത്. അതേസമയം വരുന്ന മൂന്ന് ദിവസവും ഇതേ രീതിയിൽ അന്തരീക്ഷ താപനില കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381360/kerala-temperature-rises-4-degrees-power-crisis-monsoon-weak)