---
title: "കണ്ണൂരിൽ ഗർഭിണിയായ യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സ്ത്രീധനപീഡനത്തിന് കേസെടുത്തു"
english_title: "Kannur Woman Suicide Case Husband Relatives Booked Dowry Harassment Allegation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381638/kannur-woman-suicide-case-husband-relatives-booked-dowry-harassment-allegation"
published_at: "2026-09-08T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fa382389dd_WhatsApp_Image_2026-09-08_at_11.02.18_AM.jpeg"
keywords: ["Kannur News", "Mangattidam Woman Suicide", "Dowry Harassment Case", "Pinarayi Police", "Jyothisha Suicide Case"]
---

# കണ്ണൂരിൽ ഗർഭിണിയായ യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സ്ത്രീധനപീഡനത്തിന് കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ മാങ്ങാട്ടിടത്ത് 27-കാരിയായ ജ്യോതിഷ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവ് പാതിരിയാട് സ്വദേശി സജിലും അമ്മ ചന്ദ്രിയും സഹോദരി ജൂനയും ചേർന്ന് ജ്യോതിഷയെ ശാരീരികമായും മാനസികമായും അതിക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂർ മാങ്ങാട്ടിടത്ത് 27-കാരിയായ ജ്യോതിഷ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവ് പാതിരിയാട് സ്വദേശി സജിലും അമ്മ ചന്ദ്രിയും സഹോദരി ജൂനയും ചേർന്ന് ജ്യോതിഷയെ ശാരീരികമായും മാനസികമായും അതിക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ പീഡനവും ഭീഷണിയുമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും, പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കാരണമാണ് സംഭവത്തിൽ കേസെടുക്കാൻ പോലീസ് ആദ്യഘട്ടത്തിൽ മടിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു.കഴിഞ്ഞ മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു എട്ടരമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ ജ്യോതിഷ സ്വന്തം വീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയത്.

സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പിണറായി പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ കർശന നിർദേശപ്രകാരമാണ് ഭർത്താവ് സജിൽ ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ പോലീസ് കേസ് എടുത്തത്.

2020 നവംബർ 20-നായിരുന്നു ജ്യോതിഷയുടെയും സജിലിന്റെയും വിവാഹം നടന്നത്. വിവാഹസമയത്ത് 12 പവൻ സ്വർണവും വലിയ തുകയും നൽകിയിരുന്നെങ്കിലും, കൂടുതൽ സ്വർണവും പണവും വേണമെന്ന് ആവശ്യപ്പെട്ട് ഇവർ പീഡനം തുടരുകയായിരുന്നു. താലിമാല ഒഴികെയുള്ള ജ്യോതിഷയുടെ മുഴുവൻ സ്വർണാഭരണങ്ങളും ഭർതൃവീട്ടുകാർ വിറ്റഴിച്ചതായും ബന്ധുക്കൾ പരാതിപ്പെടുന്നു.

ഗർഭിണിയായിരുന്ന സമയത്തും ക്രൂരമായ പീഡനം നേരിടേണ്ടി വന്ന ജ്യോതിഷയ്ക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381638/kannur-woman-suicide-case-husband-relatives-booked-dowry-harassment-allegation)