---
title: "മിനിമം നിരക്ക് 15 രൂപയാക്കണം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്"
english_title: "Private Bus Strike Kerala Minimum Fare Revision Demand KSRTC Free Travel Issue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381640/private-bus-strike-kerala-minimum-fare-revision-demand-ksrtc-free-travel-issue"
published_at: "2026-09-08T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fa45f20937_images_(6).jpeg"
keywords: ["Kerala Private Bus Strike", "Minimum Bus Fare Kerala", "Kannur Bus Strike", "Bus Operators Association"]
---

# മിനിമം നിരക്ക് 15 രൂപയാക്കണം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

> **Lead Summary:** **തിരുവനന്തപുരം**: മിനിമം യാത്രാ നിരക്ക് 15 രൂപയായി ഉയർത്തണമെന്നും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ വീണ്ടും ശക്തമായ സമരരംഗത്തേക്ക് കടക്കുന്നു. കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കാരണം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ തീരുമാനം.

## Article Content

**തിരുവനന്തപുരം**: മിനിമം യാത്രാ നിരക്ക് 15 രൂപയായി ഉയർത്തണമെന്നും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ വീണ്ടും ശക്തമായ സമരരംഗത്തേക്ക് കടക്കുന്നു. കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കാരണം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ തീരുമാനം.

നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട സമരം പ്രഖ്യാപിക്കുന്നതിനായി ബസുടമകളുടെ നിർണ്ണായക യോഗം നാളെ തൃശ്ശൂരിൽ ചേരുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു. ഇന്ധനവിലയിലുണ്ടായ വർദ്ധനവിന് പുറമെ ബസുകളുടെ സ്പെയർ പാർട്സുകൾ, ടയറുകൾ, ഓയിൽ എന്നിവയ്ക്ക് 50 ശതമാനത്തിലധികം വില വർദ്ധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഇതിന് പുറമെ തൊഴിലാളികളുടെ കൂലിയും മറ്റ് ചെലവുകളും വർദ്ധിച്ചതോടെ നിലവിലെ നിരക്കിൽ സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ് ഉടമകൾ. സാമ്പത്തിക ബാധ്യത കാരണം കണ്ണൂർ ജില്ലയിൽ മാത്രം നൂറിലധികം സ്വകാര്യ ബസുകളാണ് ഇതിനകം സർവീസ് പൂർണ്ണമായി അവസാനിപ്പിച്ചത്.

കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സൗജന്യ യാത്ര കാരണം കണ്ണൂർ-പയ്യന്നൂർ, പയ്യന്നൂർ-കാസർകോട്, ഇരിട്ടി-കണ്ണൂർ, തളിപ്പറമ്പ്-പയ്യാവൂർ, തളിപ്പറമ്പ്-ആലക്കോട് തുടങ്ങിയ പ്രധാന റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെട്ട് തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബസ് ഉടമകളുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381640/private-bus-strike-kerala-minimum-fare-revision-demand-ksrtc-free-travel-issue)