---
title: "ലോകവേദിയിൽ ഇന്ത്യക്ക് അഭിമാനം; കണ്ണൂർ സ്വദേശി സുഷിൽ ജേയുടെ ടീം ലോക ചാമ്പ്യൻമാർ"
english_title: "Sushil Jay's Team Wins World Title in Thailand Bringing Glory to India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381939/sushil-jays-team-wins-world-title-in-thailand-bringing-glory-to-india"
published_at: "2026-09-10T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa24949f2012_WhatsApp_Image_2026-09-10_at_11.33.25_AM.jpeg"
keywords: ["Sushil Jay Kannur", "Global League X Thailand", "One Move Academy Bengaluru", "Kannur News"]
---

# ലോകവേദിയിൽ ഇന്ത്യക്ക് അഭിമാനം; കണ്ണൂർ സ്വദേശി സുഷിൽ ജേയുടെ ടീം ലോക ചാമ്പ്യൻമാർ

> **Lead Summary:** **കണ്ണൂർ**: തായ്ലൻഡിലെ ബാങ്കോക്കിൽ ഇന്ത്യൻ ദേശീയ പതാക ഉയർന്ന് പാറി. അന്താരാഷ്ട്ര നൃത്തവേദിയിൽ 18 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ പിന്തള്ളിയാണ് കണ്ണൂർ സ്വദേശി സുഷിൽ ജേയുടെ ടീം ലോകകിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ജൂലൈ 19-ന് തായ്ലൻഡിൽ നടന്ന ഗ്ലോബൽ ലീഗ് എക്സ് അന്താരാഷ്ട്ര മത്സരത്തിലാണ് ഈ അഭിമാന നേട്ടം.

## Article Content

**കണ്ണൂർ**: തായ്ലൻഡിലെ ബാങ്കോക്കിൽ ഇന്ത്യൻ ദേശീയ പതാക ഉയർന്ന് പാറി. അന്താരാഷ്ട്ര നൃത്തവേദിയിൽ 18 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ പിന്തള്ളിയാണ് കണ്ണൂർ സ്വദേശി സുഷിൽ ജേയുടെ ടീം ലോകകിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ജൂലൈ 19-ന് തായ്ലൻഡിൽ നടന്ന ഗ്ലോബൽ ലീഗ് എക്സ് അന്താരാഷ്ട്ര മത്സരത്തിലാണ് ഈ അഭിമാന നേട്ടം.

ബംഗളൂരുവിലെ വൺ മൂവ് അക്കാദമിയിലെ വിദ്യാർത്ഥികളാണ് അണ്ടർ-12, അണ്ടർ-17 വിഭാഗങ്ങളിലെ ഫ്രീ സ്റ്റൈൽ ഹിപ് ഹോപ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യയുടെ അഭിമാനം ഉയർത്തിയത്. കണ്ണൂർ ചാലാട് മണൽ സ്വദേശിയായ സുഷിൽ ജേയുടെ നേതൃത്വത്തിലാണ് ഈ നേട്ടം. ഫുട്ബോളിലൂടെ കായികരംഗത്ത് ശ്രദ്ധ നേടിയ സുഷിൽ, കണ്ണൂർ എസ്.എൻ കോളേജിൽ പഠിക്കുന്ന കാലത്ത് യൂണിവേഴ്സിറ്റി ചാമ്പ്യൻ ടീമിലെ അംഗമായിരുന്നു.

കണ്ണൂർ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായും സംസ്ഥാനത്തെ പ്രതിനിധീകരിച്ചും അദ്ദേഹം കളിച്ചിട്ടുണ്ട്. ഫുട്ബോൾ കളിക്കിടെ ഉണ്ടായ പരിക്കിനെ തുടർന്ന് ബംഗളൂരുവിലേക്ക് ജോലിക്കായി പോയ സുഷിൽ, 2007-ലാണ് ഡാൻസ് രംഗത്തേക്ക് തിരിഞ്ഞത്. സേഫ്റ്റി എൻജിനിയറായിരുന്ന ജോലി ഉപേക്ഷിച്ച് നൃത്തവും സിനിമയും തന്റെ ജീവിതമാർഗമാക്കി. പ്രശസ്ത നർത്തകനും നടനുമായ പ്രഭുദേവയ്‌ക്കൊപ്പം സിനിമയിൽ അഭിനയിക്കാനും സുഷിലിന് അവസരം ലഭിച്ചു. അഭിനയത്തിനൊപ്പം സിനിമ നിർമാണത്തിലും സംവിധാന രംഗത്തും സജീവമായ അദ്ദേഹം പരസ്യ ചിത്രീകരണ മേഖലയിലും ശ്രദ്ധേയ സാന്നിധ്യമാണ്.

2012-ൽ ബംഗളൂരുവിൽ സ്ഥാപിച്ച വൺ മൂവ് അക്കാദമിയിലൂടെ നാല് മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകി വരികയാണ്. തലശ്ശേരി സ്വദേശിയായ അമാനുമായി ചേർന്ന് ഇവന്റ് കമ്പനിയും ആരംഭിച്ച അദ്ദേഹം വിദേശ രാജ്യങ്ങളിലേക്കും തന്റെ പ്രവർത്തനം വ്യാപിപ്പിച്ചു.

തായ്ലൻഡിലെ ഈ ലോകകിരീടത്തിന് മുമ്പ്, 2024-ൽ പോർച്ചുഗലിൽ നടന്ന യൂറോപ്പ് ഓൾ ഡാൻസ് മത്സരത്തിലും സുഷിൽ ജേയുടെ സംഘം ഒന്നാം സ്ഥാനം നേടിയിരുന്നു. കണ്ണൂർ ചാലാട് മണൽ സ്വദേശികളായ ജയപാലൻ-ഷൈമ ദമ്പതികളുടെ മകനാണ് സുഷിൽ ജേ. ഭാര്യ സുമി. മകൻ റയാൻഷും ഇതിനകം അഭിനയരംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം, ദുബായിൽ വീഡിയോ പ്രൊഡക്ഷൻ കമ്പനിക്കും സുഷിൽ അടുത്തിടെ തുടക്കം കുറിച്ചിട്ടുണ്ട്.

കായികരംഗത്ത് നിന്ന് കലാരംഗത്തേക്കുള്ള യാത്രയിലൂടെ ലോകവേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ സുഷിൽ ജേ, മലയാളികൾക്ക് അഭിമാനത്തിന്റെ മറ്റൊരു മുഖമായി മാറുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381939/sushil-jays-team-wins-world-title-in-thailand-bringing-glory-to-india)