---
title: "300 കോടിയുടെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം കാടുകയറുന്നു; കാവലിന് തെരുവുനായ്ക്കൾ!"
english_title: "300 Crore Kannur International Ayurveda Research Centre In Neglect Six Months After Inauguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382179/kannur-international-ayurveda-research-centre-neglected-300-crore-project"
published_at: "2026-09-11T15:32:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3d2147d439_1000233719.jpg"
keywords: ["Kannur Ayurveda Research Centre", "Iritty", "Veena George", "Pinarayi Vijayan"]
---

# 300 കോടിയുടെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം കാടുകയറുന്നു; കാവലിന് തെരുവുനായ്ക്കൾ!

> **Lead Summary:** **ഇരിട്ടി: **ജില്ലയുടെ വലിയ പ്രതീക്ഷകളിലൊന്നായ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. ആയുർവേദ മേഖലയിൽ അത്യാധുനിക ഗവേഷണവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും ലക്ഷ്യമിട്ട് കോടികൾ ചെലവിട്ട് നിർമിച്ച കെട്ടിടങ്ങളാണ് ഇപ്പോൾ നാശത്തിന്റെ വക്കിലുള്ളത്.

## Article Content

**ഇരിട്ടി: **ജില്ലയുടെ വലിയ പ്രതീക്ഷകളിലൊന്നായ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. ആയുർവേദ മേഖലയിൽ അത്യാധുനിക ഗവേഷണവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും ലക്ഷ്യമിട്ട് കോടികൾ ചെലവിട്ട് നിർമിച്ച കെട്ടിടങ്ങളാണ് ഇപ്പോൾ നാശത്തിന്റെ വക്കിലുള്ളത്.

പടിയൂർ പഞ്ചായത്തിലെ കല്യാട് പറമ്പിൽ നടന്ന ചടങ്ങിൽ ഒന്നാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് നിർവഹിച്ചത്. 36 ഏക്കർ ഭൂമിയിൽ 1.60 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള 100 കിടക്കകളുള്ള ആശുപത്രി, 19,000 ചതുരശ്രയടിയിലെ താളിയോല പഠനകേന്ദ്രവും ലൈബ്രറിയും, 380 ചതുരശ്രയടിയിലെ നഴ്സറി ബ്ലോക്ക്, ചുറ്റുമതിൽ, റോഡ് എന്നിവ പൂർത്തിയായെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ, നിർമാണപ്രവർത്തനങ്ങൾ നിലവിൽ പൂർണമായും നിലച്ചമട്ടാണ്. കോടികൾ ചെലവാക്കി നിർമിച്ച ബഹുനില കെട്ടിടങ്ങളിൽ പൊടിയും മാറാലയും നിറഞ്ഞ് കിടക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാർക്ക് പകരം തെരുവുനായ്ക്കളാണ് ഇവിടെ നിലവിലുള്ളത്.

ഒന്നാംഘട്ട നിർമാണം 75 ശതമാനം മാത്രമാണ് പൂർത്തിയായത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലമ്പിങ് ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. പൂർത്തിയാക്കിയ പ്രവൃത്തികൾക്കുള്ള കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരൻ പ്രവൃത്തികൾ പൂർണമായി കൈയൊഴിഞ്ഞനിലയിലാണ്.

സർക്കാർ ഏറ്റെടുത്ത 314 ഏക്കറിൽ 286 ഏക്കർ ഭൂമിയാണ് നിർമാണത്തിനായി കൈമാറിയത്. ആകെ 300 കോടിയോളം രൂപ ചെലവഴിച്ച് ഇന്ത്യയിലെ തന്നെ പ്രമുഖ ആയുർവേദ ഗവേഷണകേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിട്ട കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382179/kannur-international-ayurveda-research-centre-neglected-300-crore-project)