---
title: "മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ഹർജി: ഹൈക്കോടതി നോട്ടീസ് അയച്ചു"
english_title: "Mani C Kappan Disqualification Plea High Court Notice Election Commission Speaker Cheque Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382566/mani-c-kappan-disqualification-plea-high-court-notice-election-commission-speaker"
published_at: "2026-09-14T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7ae377ec6f_1000233998.jpg"
keywords: ["Mani C Kappan", "High Court Notice", "Cheque Case", "Disqualification"]
---

# മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ഹർജി: ഹൈക്കോടതി നോട്ടീസ് അയച്ചു

> **Lead Summary:** **കൊച്ചി: **ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. മാണി സി കാപ്പൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ, നിയമസഭ സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

## Article Content

**കൊച്ചി: **ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. മാണി സി കാപ്പൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ, നിയമസഭ സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുംബൈ മലയാളി ദിനേശ് മേനോനാണ് കാപ്പനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളിൽ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി. കാപ്പന് മൂന്നര വർഷത്തെ തടവ് ശിക്ഷയും 5.30 കോടി രൂപ പിഴയും വിധിച്ചിരുന്നു.

രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയുണ്ടെങ്കിൽ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കാപ്പൻ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. മാണി സി. കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ല എന്നാണ് ഹൈക്കോടതിയിൽ പരാതിക്കാരന്റെ വാദം.

സെപ്റ്റംബർ ഒന്നു മുതൽ മാണി സി കാപ്പൻ അയോഗ്യനാണെന്ന് പ്രഖ്യാപിക്കണം. പാലായിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണം. ഹർജിയിൽ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി കാപ്പന്റെ എംഎൽഎ ആനുകൂല്യങ്ങൾ തടയണം എന്നീ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382566/mani-c-kappan-disqualification-plea-high-court-notice-election-commission-speaker)