---
title: "സംസ്ഥാനത്ത് ആശ്വാസ മഴയെത്തുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം"
english_title: "Kerala Weather Update: Isolated Heavy Rainfall Expected, Yellow Alert in Three Districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382696/kerala-kerala-weather-update-heavy-rain-yellow-alert-lightning-warning"
published_at: "2026-09-15T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8d92d90b90_rain.jpeg"
keywords: ["Kerala Weather", "Heavy Rain Kerala", "Yellow Alert", "Lightning Alert", "IMD Warning"]
---

# സംസ്ഥാനത്ത് ആശ്വാസ മഴയെത്തുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം**: ചൂടിന് ശമനമേകി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ശക്തമായേക്കും. ഇതിന്റെ ഭാഗമായി ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: ചൂടിന് ശമനമേകി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ശക്തമായേക്കും. ഇതിന്റെ ഭാഗമായി ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ടാകും. തുടർച്ചയായി മഴ ലഭിക്കുന്നത് നിലവിലെ ഉഷ്ണതരംഗത്തിനും കടുത്ത ചൂടിനും നേരിയ ആശ്വാസമേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കേന്ദ്ര വിഹിതമായി പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കും താൽക്കാലിക ആശ്വാസമായിട്ടുണ്ട്.

സെപ്റ്റംബർ 15, 16 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് അപകടകരമായതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.

കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറുക. വാതിലുകൾക്കും ജനലുകൾക്കും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ലാൻഡ് ലൈൻ ഫോണുകളുടെ ഉപയോഗം ഒഴിവാക്കാനും ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം.

തുറസായ സ്ഥലങ്ങളിലും ടെറസിലും കളിക്കുന്നതും നിൽക്കുന്നതും ഒഴിവാക്കണമെന്നും, ബൈക്ക്, സൈക്കിൾ യാത്രികർ സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382696/kerala-kerala-weather-update-heavy-rain-yellow-alert-lightning-warning)