---
title: "കൊട്ടിയൂരിൽ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചതിൽ പ്രതിഷേധം; ആചാര വിരുദ്ധമെന്ന് അടിയന്തിരക്കാർ"
english_title: "Kottiyoor Aayilyar Kavu Tree Cutting Controversy Ritual Violation Allegation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383201/kottiyoor-aayilyar-kavu-tree-cutting-controversy-ritual-violation-allegation"
published_at: "2026-09-18T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac7e3c305bd_1000297649.jpg"
keywords: ["Kottiyoor", "Devaswam"]
---

# കൊട്ടിയൂരിൽ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചതിൽ പ്രതിഷേധം; ആചാര വിരുദ്ധമെന്ന് അടിയന്തിരക്കാർ

> **Lead Summary:** **കൊട്ടിയൂർ**: ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധവുമായി ക്ഷേത്ര അടിയന്തിരക്കാർ രംഗത്ത്. വൈശാഖ മഹോത്സവത്തിൽ അതീവ പ്രാധാന്യമുള്ള ആയില്യാർ കാവിൽ പ്രക്കൂഴം, നീരെഴുന്നള്ളത്ത് എന്നീ രണ്ട് ദിവസങ്ങളിൽ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

## Article Content

**കൊട്ടിയൂർ**: ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധവുമായി ക്ഷേത്ര അടിയന്തിരക്കാർ രംഗത്ത്. വൈശാഖ മഹോത്സവത്തിൽ അതീവ പ്രാധാന്യമുള്ള ആയില്യാർ കാവിൽ പ്രക്കൂഴം, നീരെഴുന്നള്ളത്ത് എന്നീ രണ്ട് ദിവസങ്ങളിൽ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

വർഷത്തിൽ രണ്ട് തവണ മാത്രം മനുഷ്യ പ്രവേശനം അനുവദിച്ചിട്ടുള്ള ആയില്യാർ കാവിൽ ആചാര വിരുദ്ധമായി കയറി മരങ്ങൾ മുറിച്ചു മാറ്റിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജന്മശാന്തി പടിഞ്ഞിറ്റ രാമചന്ദ്രൻ നമ്പൂതിരി പറഞ്ഞു. ഗൂഢപൂജാ സമ്പ്രദായത്തിൽ പൂജകൾ നടക്കുന്ന ആയില്യാർ കാവിലെ മരങ്ങൾ കൂട്ടത്തോടെ മുറിച്ചു മാറ്റിയതോടെ നിഗൂഢ ചടങ്ങുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി മരങ്ങളാണ് ആയില്യാർ കാവിൽ മുറിച്ചു മാറ്റപ്പെട്ടിട്ടുള്ളത്. ദൈവഹിതം പോലും നോക്കാതെ കാവിൽ കയറി മരങ്ങൾ മുറിച്ചതിന് തക്കതായ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടെന്നും മേലിൽ ഇത്തരം ആചാര വിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമുദായ ഭട്ടത്തിരിപ്പാട് കാലടി കൃഷ്ണ മുരളി പറഞ്ഞു.

അതേസമയം അപകടകരമായ നിലയിലുണ്ടായിരുന്ന മരങ്ങൾ മാത്രമാണ് മുറിച്ചതെന്ന് ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ പ്രതികരിച്ചു. ആയില്യാർ കാവിൽ ചടങ്ങുകൾ നടക്കുന്ന ഭാഗങ്ങളിലേക്ക് ആരും പ്രവേശിച്ചിട്ടില്ലെന്നും കാവിന്റെ അതിരിൽ ക്ഷേത്രത്തിനടുത്ത് അപകടകരമായ നിലയിൽ കണ്ടെത്തിയ മരങ്ങളാണ് മുറിച്ചതെന്നുമാണ് ദേവസ്വം അധികൃതർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം മരങ്ങൾ പൊട്ടിവീണ് അപകടങ്ങൾ ഉണ്ടായിരുന്നെന്നും പഞ്ചായത്തിൽ നിന്നടക്കം അപകടകരമായ മരങ്ങൾ മുറിച്ചു നീക്കാനുള്ള അറിയിപ്പുകൾ വന്നിരുന്നതായും ഇവർ പറയുന്നു. എന്നാൽ കാവിലെ രണ്ട് മരങ്ങൾ മാത്രമാണ് മുറിച്ചതെന്നും ആയില്യാർ കാവിലെ അപകടകരമായ മരങ്ങൾ ഇത്തരത്തിൽ മുറിക്കുന്നത് ആദ്യമായതിനാൽ തന്നെ ആചാരപരമായി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് ഉണ്ടായതായി മനസിലാക്കുന്നതായും മേലിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383201/kottiyoor-aayilyar-kavu-tree-cutting-controversy-ritual-violation-allegation)