---
title: "ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി സമയപരിധി അവസാനിക്കാറായിട്ടും കുറ്റപത്രം സമർപ്പിക്കാനാകാതെ എസ്ഐടി"
english_title: "Sabarimala Gold Theft Case SIT Fails Charge Sheet Deadline High Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383267/sabarimala-gold-theft-case-sit-fails-charge-sheet-deadline-high-court"
published_at: "2026-09-18T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aace0a5cd06f_download_(4).jpeg"
keywords: ["Sabarimala Gold Theft Case", "SIT Sabarimala Investigation", "Kerala High Court", "Devaswom Board Fraud"]
---

# ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി സമയപരിധി അവസാനിക്കാറായിട്ടും കുറ്റപത്രം സമർപ്പിക്കാനാകാതെ എസ്ഐടി

> **Lead Summary:** **ശബരിമല**: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിലെ കട്ടിളപ്പാളി സംഭവത്തിൽ കേരള ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കില്ലെന്ന് ഉറപ്പായി. ഈ മാസം സെപ്റ്റംബർ 22-നകം വിചാരണക്കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദേശം. എന്നാൽ, കേസിൽ ഉൾപ്പെട്ട ഉന്നതർക്കെതിരെ നടപടിയെടുക്കാൻ ആവശ്യമായ പ്രോസിക്യൂഷൻ അനുമതി പോലും തേടാൻ അന്വേഷണസംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

## Article Content

**ശബരിമല**: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിലെ കട്ടിളപ്പാളി സംഭവത്തിൽ കേരള ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കില്ലെന്ന് ഉറപ്പായി. ഈ മാസം സെപ്റ്റംബർ 22-നകം വിചാരണക്കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദേശം. എന്നാൽ, കേസിൽ ഉൾപ്പെട്ട ഉന്നതർക്കെതിരെ നടപടിയെടുക്കാൻ ആവശ്യമായ പ്രോസിക്യൂഷൻ അനുമതി പോലും തേടാൻ അന്വേഷണസംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

മുൻ ദേവസ്വം ബോർഡ് ഭാരവാഹികളും സർവീസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ 15 പേരാണ് കട്ടിളപ്പാളി കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ 13 പേർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്.

ആഭ്യന്തര വകുപ്പ്, ദേവസ്വം വകുപ്പ്, നിയമ വകുപ്പ് എന്നിവരുടെ വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഈ അനുമതി ലഭ്യമാകുക. അന്വേഷണം പൂർത്തിയായെന്ന് മുൻപ് കോടതിയെ അറിയിച്ചുവെങ്കിലും, പ്രോസിക്യൂഷൻ അനുമതിക്കുള്ള നടപടികൾ വൈകിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി.

അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിയായ ദ്വാരപാലക കേസിൽ നിർണായക ഫോറൻസിക്, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ടെന്നും എസ്ഐടി അറിയിച്ചിരുന്നു. ഈ മാസം അവസാനത്തോടെ പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷിക്കാനാണ് നിലവിൽ അന്വേഷണസംഘത്തിന്റെ നീക്കം.

എന്നാൽ സെപ്റ്റംബർ 22-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിക്ക് മുന്നിൽ എസ്ഐടി എന്ത് വിശദീകരണമായിരിക്കും നൽകുകയെന്നത് കേസിൽ നിർണായകമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383267/sabarimala-gold-theft-case-sit-fails-charge-sheet-deadline-high-court)